തിരുവനന്തപുരം: കൊറോണ വൈറസ് മൂലം കേരളത്തില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് (68) ആണ് മരിച്ചത്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ശ്വാസകോശ- വൃക്ക സംബന്ധമായ അസുഖങ്ങൾ ഇയാള്‍ക്കുണ്ടായിരുന്നുവെന്നാണ് വിവരം. ആദ്യ പരിശോധനില്‍ ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു.
ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡറി കോണ്ടാക്ടില് നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നതെന്നാണ് നിഗമനം.
മൃതദേഹം സംസ്കാരിക്കാൻ കര്‍ശന വ്യവസ്ഥകൾ
കൊച്ചി: തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ച അബ്ദുൾ അസീസിന്റെ മൃതദേഹം കർശന വ്യവ്യസ്ഥകൾ പാലിച്ചായിരിക്കും സംസ്കരിക്കുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് പ്രൊട്ടോകോൾ പൂര്‍ണമായും പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.
ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃദേഹം കൊണ്ട് പോകാൻ ഉപയോഗിക്കുന്ന വാഹനത്തിലെ ഡ്രൈവറുമടക്കം എല്ലാവരും 14 ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്ന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.
മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാകും മൃതദേഹം വിട്ട് നൽകുക. സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനും അനുമതിയുള്ളു.
10 അടി താഴ്ചയുള്ള കുഴിയിലായിരിക്കും മൃതദേഹം അടക്കം ചെയ്യുക.