വാഷിംഗ്ടൺ: കോവിഡ് 19 (കൊറോണ വൈറസ്) രോഗബാധ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് ലോകബാങ്ക് 1200 കോടി ഡോളറിന്റെ (87,912 കോടി രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ലോകത്തിലെ ദരിദ്ര രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ഈ ധനസഹായം മെഡിക്കൽ ഉപകരണങ്ങൾക്കോ മറ്റു ആരോഗ്യ സേവനങ്ങൾക്കോ ഉപയോഗിക്കാം.
ബാങ്ക് പല അംഗരാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ഏതു രാജ്യങ്ങൾക്കാണ് സഹായം നൽകാൻ സാധ്യതയുള്ളതെന്ന് അദ്ദേഹം വിശദമാക്കിയില്ല.
രോഗബാധ 78 രാജ്യങ്ങളിൽ റിപ്പോർട്ടു ചെയ്തു. മൊറോക്കോ, അൻഡോറ, അർമീനിയ, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി രോഗബാധയുണ്ടായത്. 90,000 ത്തിലധികം പേർക്കു ലോകമെന്പാടും വൈറസ് ബാധ സ്ഥിരീകരിച്ചു. 3110 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.
ഇന്ത്യയിൽ 18 പേർക്ക് രോഗം
ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ പൗരന്മാർക്ക് കോവിഡ്-19 കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഡൽഹി ചാവ്ല ക്യാന്പിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ഇന്നലെയാണ് 21 പേരെ ചാവ്ലയിലെ നിരീക്ഷണ ക്യാന്പിലേക്ക് മാറ്റിയത്.
ജയ്പുരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇറ്റാലിയൻ സ്വദേശിയുടെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ആദ്യ സാന്പിൾ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു.
രണ്ടാമത്തെ സാന്പിൾ പരിശോധനയ്ക്കായി പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ബുധനാഴ്ച പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്.
അറുപത്തിയൊന്‍പതുകാരനായ ഇറ്റാലിയൻ വിനോദസഞ്ചാരിയുടെ ഭാര്യയ്ക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇവരുടെ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.
ജയ്പൂരിലെ സവായി മാൻ സിംഗ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ് ഇരുവരുമുള്ളത്. കോവിഡ് 19 മായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലിയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അധ്യക്ഷനായ ഉന്നതതല സമിതി ഇന്നു യോഗം ചേരും.
ഇന്ന് ഉച്ചയ്ക്ക് 12ന് ആരോഗ്യമന്ത്രി ഹർഷവർധൻ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. അടുത്തയിടെ വിദേശ സന്ദർശനം നടത്തിയ ജീവനക്കാരുടെ വിവരങ്ങൾ നൽകണം എന്നാവശ്യപ്പെട്ടു നോയിഡയിലെ ആയിരം കന്പനികൾക്ക് അധികൃതർ നോട്ടീസ് നൽകി.
കോവിഡ് 19 യുടെ പശ്ചാത്തലത്തിൽ 18 മുതൽ വിശാഖപട്ടണത്ത് നടത്താനിരുന്ന മിലാൻ-2020 സംയുക്ത പരിശീലനം നാവികസേന മാറ്റി വച്ചു.
ഡൽഹിക്കടുത്ത് നോയിഡയിൽ കൊറോണ ഭീതിയെത്തുടർന്ന് രണ്ടു സ്കൂളുകൾ അടച്ചിട്ടു. കിഴക്കൻ ഡൽഹി സ്വദേശിയായ നാൽപത്തിയഞ്ചുകാരന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഇയാളുടെ രണ്ടു മക്കളും പഠിക്കുന്ന ശ്രീ രാം മില്ലേനിയം സ്കൂളാണ് മൂന്നു ദിവസത്തേക്ക് അടച്ചിട്ടത്. മുൻകരുതലായാണ് ശിവ് നാടാർ സ്കൂൾ ആറു ദിവസത്തേക്ക് അടച്ചിട്ടത്. സ്കൂളും പരിസരവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ശുചീകരിച്ചു.
ചൈനയിൽ ആശ്വാസം, അമേരിക്കയിൽ ആശങ്ക
ചൈനയിൽ കോവിഡ് 19 വ്യാപനത്തിൽ നേരിയ കുറവുണ്ടായതായി റിപ്പോർട്ട്. അതേസമയം മറ്റു രാജ്യങ്ങളിൽ വൈറസ് രോഗം ശക്തിപ്പെടുകയാണ്. അമേരിക്കയിൽ ഒൻപത് പേർ മരിച്ചു.
രോഗബാധിതരുടെ എണ്ണം നൂറു കടന്നു. 231 പേർ നിരീക്ഷണത്തിലാണ്. കിംഗ് കൗണ്ടിയിലാണ് കൂടുതൽ പേർ മരിച്ചത്. എട്ട് പേരാണ് ഇവിടെ കൊറോണ മൂലം മരിച്ചത്.
കൊറോണയെ തുടർന്നു ഫ്ലോറിഡയിലും വാഷിംഗ്ടണ്‍ സ്റ്റേറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യുഎസിൽ കലിഫോർണിയയും വാഷിംഗ്ടണും ഉൾപ്പെടെ 12 സ്റ്റേറ്റുകളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറസ് തടയാന്‍ ഹിന്ദു മഹാസഭയുടെ പാര്‍ട്ടി; പങ്കെടുക്കുന്നവര്‍ക്ക് ഗോമൂത്രവും ചാണക കേക്കും
ന്യൂഡൽഹി: കൊറോണ വൈറസ് രാജ്യ തലസ്ഥാനത്ത് വ്യാപിക്കുന്നത് തടയാൻ ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കാൻ ഹിന്ദു മഹാസഭ തീരുമാനിച്ചതായി പ്രസിഡന്റ് ചക്രപാണി മഹാരാജ്.
ഗോമൂത്രവും ചാണക കേക്കും ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാൻ കഴിയുമെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ചായ സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നതുപോലെ ഓർഗാനിക് ഗോമൂത്ര പാർട്ടി സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിൽ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൊറോണയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങൾ ആളുകളെ അറിയിക്കും.-’’ മഹാരാജ് പറഞ്ഞു.
’പാർട്ടിയ്ക്കിടെ ആളുകൾക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകൾ തുറക്കും. കേക്കുകളും ചന്ദനത്തിരികളുമെല്ലാം ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും.
ഡൽഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടർന്ന് രാജ്യത്തുടനീളം ഇത്തരം “പാർട്ടികൾ’ നടക്കും. കൊറോണയെ ഉ·ൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തിൽ തങ്ങളുമായി സഹകരിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.