സാബു ജോണ്‍
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ 127 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവർ 3039 ആയി.
പ്രതിദിന രോഗികളുടെ എണ്ണം മൂന്നക്കം കടന്നു കുതിക്കുന്പോൾ കേരളം സമൂഹവ്യാപന ഭീഷണിയെ നേരിടുന്നുവോ എന്ന ആശങ്കയും പടരുന്നു. സമൂഹവ്യാപനത്തിലേക്കു നീങ്ങുന്നു എന്ന ആശങ്ക തലയ്ക്കു മുകളിൽ നിൽക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്.
ജനുവരി 30ന് ആദ്യ കോവിഡ് രോഗബാധ സ്ഥിരീകരിച്ച കേരളത്തിൽ രോഗികളുടെ എണ്ണം 500 കടക്കുന്നത് മൂന്നു മാസത്തിനു ശേഷം മേയ് എട്ടിനു മാത്രമായിരുന്നു. മരണം മൂന്നും. മേയ് 27 ന് രോഗികൾ ആയിരമായി.
എട്ടു ദിവസത്തിനു ശേഷം ജൂണ്‍ നാലിന് 1500 കടന്നു. വീണ്ടും നാലു ദിവസം പിന്നിട്ടപ്പോൾ ജൂണ്‍ എട്ടിന് 2000 ആയി. ഏഴു ദിവസം കഴിഞ്ഞപ്പോൾ 2500 കടന്നു.
വെറും അഞ്ചു ദിവസത്തിനു ശേഷം അതു മൂവായിരം പിന്നിട്ടു. രോഗബാധയിൽ കുതിച്ചുകയറ്റമുണ്ടാകുമെന്ന സൂചനകളാണ് ഈ ദിവസങ്ങളിൽ കാണുന്നത്. കോവിഡ് മരണം 22 ആയി ഉയരുകയും ചെയ്തു.
രാജ്യത്തെ മറ്റു വലിയ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ കേരളത്തിൽ സ്ഥിതി ഇപ്പോഴും കുറച്ചൊക്കെ ഭേദമാണ്. രാജ്യത്തെ മൊത്തം രോഗികളുടെ പട്ടികയിൽ കേരളം 18-ാം സ്ഥാനത്താണിപ്പോൾ. മരണനിരക്ക് 0.69 ശതമാനം മാത്രമാണ്.
ഈ വർഷം ജനുവരി 30 ന് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ കണ്ടെത്തിയപ്പോഴും പിന്നീട് മാർച്ചിൽ രോഗം വ്യാപിച്ചപ്പോഴും കടുത്ത നിയന്ത്രണങ്ങളിലൂടെയും ഫലപ്രദമായ നടപടികളിലൂടെയും രോഗബാധ പിടിച്ചുനിർത്താൻ കേരളത്തിനായതു രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എന്നാൽ, വിദേശരാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നും പ്രവാസികൾ കേരളത്തിലേക്ക് എത്താൻ തുടങ്ങിയതോടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. പ്രവാസികളുടെ വരവ് ഇനിയും ഏറെ നാളത്തേക്കു തുടരുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെ രോഗികളുടെ എണ്ണത്തിലുള്ള വർധന തുടർന്നുകൊണ്ടേയിരിക്കും.
മേയ് നാലിനു ശേഷം ഈ മാസം 19 വരെ രോഗബാധ സ്ഥിരീകരിച്ച 2413 പേരിൽ 2165 പേരും കേരളത്തിനു പുറത്തുനിന്നു വന്നവരാണ്. സമൂഹവ്യാപനം ഇനിയുമുണ്ടായിട്ടില്ല എന്നതിന്റെ തെളിവായി സർക്കാർ ചൂണ്ടിക്കാട്ടുന്നത് ഈ കണക്കുകളാണ്.
എന്നാൽ, ഏതു സമയത്തും സമൂഹവ്യാപനത്തിലേക്കു നീങ്ങാം എന്ന ആശങ്ക സർക്കാർ വൃത്തങ്ങളും പ്രകടിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്കു ശേഷം കേരളത്തിനു പുറത്തുനിന്നു വന്നവരിൽ രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയത് മേയ് ഒന്‍പതിനാണ്. കേരളത്തിൽ ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തത് 3039 പേരിലാണെങ്കിൽ മേയ് ഒന്പതിനു ശേഷമാണ് അതിൽ 2536 പേരുടെയും രോഗബാധ സ്ഥിരീകരിക്കുന്നത്.
ഇന്നലെ 127 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. അതിനു തലേദിവസം 118 പേർക്ക്. പ്രവാസികളുടെ വരവ് നിലയ്ക്കുന്നതു വരെ രോഗബാധിതരുടെ എണ്ണവും ഉയർന്നു നിൽക്കും. അതുവരെ സമൂഹവ്യാപനം ഒഴിവാക്കി നിർത്തിയാൽ രോഗത്തെ പിടിച്ചുനിർത്താം.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരികയും വ്യാപാര, വാണിജ്യപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ സാമൂഹ്യ അകലം പാലിക്കലും കൈകഴുകലുമൊക്കെ മറന്ന മട്ടായി. രാഷ്ട്രീയ പാർട്ടികൾ കൂട്ടംകൂടി നിന്നു സമരം പോലും ആരംഭിച്ചു. രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുമ്പോൾ ജാഗ്രതക്കുറവ് കൂടുതൽ ആപത്തു വിളിച്ചുവരുത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.