കാസര്‍ഗോഡ്: രോഗബാധയുമായി ബന്ധപ്പെട്ട് സംശയമുള്ളവര്‍ ഉള്‍പ്പെടെ വിദേശത്തു നിന്ന് എത്തുന്ന എല്ലാവരെയും 14 ദിവസം സ്വന്തം വീട്ടില്‍ തന്നെ ക്വാറന്റൈനിൽ താമസിപ്പിച്ച തീരുമാനം പാളിപ്പോയതിന്റെ ഫലമായാണ് കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം വര്‍ധിച്ചതെന്ന് നിഗമനം.
വീടുകളില്‍ ക്വാറന്റൈനിൽ കഴിയുന്നവര്‍ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി അകലം പാലിക്കണമെന്ന കൃത്യമായ നിര്‍ദേശം ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെങ്കിലും അത് മിക്ക വീടുകളിലും പാലിക്കപ്പെട്ടില്ലെന്നതിന്റെ തെളിവാണ് നേരത്തേ രോഗബാധ സ്ഥിരീകരിച്ചവരുടെ വീട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗം പകര്‍ന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കുട്ടികളില്‍ മിക്കവരും പതിനഞ്ചു വയസില്‍ താഴെയുള്ളവരാണ്.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും വയോധികയായ മാതാവിനും പോലും രോഗപ്പകര്‍ച്ച ഉണ്ടായിട്ടുണ്ട്. രോഗബാധ സംശയിച്ച് ക്വാറന്റൈനില്‍ കഴിയേണ്ടിയിരുന്ന വ്യക്തികള്‍ സ്വന്തം വീട്ടിനകത്ത് തികച്ചും സാധാരണ രീതിയില്‍ എല്ലാവരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിന്റെ തെളിവാണ് ഇവയെല്ലാം.
ഹോം ക്വാറന്റൈനിൽ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൊറോണ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യദിനങ്ങളിലൊഴികെ കാര്യമായി ആരും ക്വാറന്റൈന് തെറ്റിച്ച് കറങ്ങി നടന്നിട്ടില്ല.
അതുകൊണ്ടുതന്നെ ഇതുവരെയും സമൂഹത്തിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുന്നതിനെ തടഞ്ഞുനിര്‍ത്താനായി. പക്ഷേ ഇവര്‍ പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ മാത്രം വിലക്കുകള്‍ വിലപ്പോയില്ല.