കൊച്ചി: കോവിഡ് 19ന്റെ സമൂഹവ്യാപനമുണ്ടായാൽ ജില്ലയിൽ ജനസംഖ്യയുടെ 10 ശതമാനത്തിനു രോഗബാധയുണ്ടായേക്കാമെന്നു ജില്ലാ ഭരണകൂടം കണക്കാക്കുന്നു. എമര്‍ജന്‍സി റെസ്പോണ്‍സ് പ്ലാന്‍ പ്രകാരം തയാറാക്കിയ കണക്കാണിത്. രോഗബാധയുണ്ടാകുന്നവരിൽ 79 ശതമാനം പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടാകുക. ഇവര്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞാൽ മതി.
ക്കി 20 ശതമാനത്തോളം പേർക്കു പ്രാഥമിക ചികിത്സയോ, ചികിത്സയോ ആവശ്യമായി വരും. ഇവരുടെ എണ്ണം ജില്ലയിലെ മൊത്തം ചികിത്സാ സംവിധാനക്ഷമതയേക്കാള് വളരെയധികമായിരിക്കും. ഈ വിധത്തിലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനു ജില്ലയില്‍ സമഗ്ര പദ്ധതി തയാറാക്കിയതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
ടേര്‍ഷ്യറി കെയര്‍ സെന്ററുകള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, കമ്യൂണിറ്റി ലെവല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോംസ്, ഹോം ഐസൊലേഷന്‍ എന്നിങ്ങനെയാണ് ജില്ലയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ ഘടന നിര്‍ണയിച്ചിട്ടുള്ളത്.
വാര്‍ഡ് തലത്തില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ
രോഗം വ്യാപിച്ചാൽ വാര്‍ഡ് തലത്തിൽ വരെ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കേണ്ട സാഹചര്യം വരും. ഇതിനായി താത്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ) വാർഡ് തലത്തിൽ ഒരുക്കും. 70 മുതല്‍ 80 ശതമാനംവരെ രോഗികള്‍ക്ക് ഈ കേന്ദ്രങ്ങളിൽ ചികിത്സ നല്‍കാനാകും.
പഞ്ചായത്തുകളിലെ കമ്യൂണിറ്റി ഹാളുകള്‍ പോലുള്ള കേന്ദ്രങ്ങളിലായിരിക്കും ഇത്തരം താത്കാലിക സംവിധാനങ്ങള്‍ സജ്ജീകരിക്കുക. 25 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കും. ഓരോ പഞ്ചായത്തിലും ഒരു ആംബുലന്‍സും ഒരു ടെസ്റ്റിംഗ് കേന്ദ്രവുമുണ്ടായിരിക്കും.
പഞ്ചായത്ത് തലത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത രോഗികളെ താലൂക്ക് ആശുപത്രിയിലേക്കു മാറ്റും. കോവിഡ് ഇതര രോഗങ്ങളുടെ കൈകാര്യം ചെയ്യൽ ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ജില്ലയില്‍ ഒരുക്കും.
ചികിത്സാ സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനം പഞ്ചായത്ത് തലത്തിൽ സ്ഥാപിക്കും. ആളുകൾക്ക് ഈ ടെലിമെഡിസിന്‍ സംവിധാനത്തിലേക്കു വിളിക്കാം.
ഓരോ വാര്‍ഡിലെയും അംഗങ്ങളെ ആശാ വോളണ്ടിയര്‍മാര്‍ ബന്ധപ്പെടുകയും പനിയുള്ളവരുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയും ചെയ്യും. ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘത്തിന്റെ സേവനവും പഞ്ചായത്ത് തലത്തിൽ ലഭ്യമാക്കും. വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.
കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാകുന്നു
കോവിഡ് ചികിത്സയുടെ പ്രധാന കേന്ദ്രമായ കോവിഡ് ടേര്‍ഷ്യറി കെയര്‍ സെന്ററായ മെഡിക്കല്‍ കോളജില്‍ 650 കിടക്കകളും 20 ഐസിയു കിടക്കകളും 25 വെന്റിലേറ്ററുകളുമാണുള്ളത്.
പത്ത് സ്വകാര്യ ആശുപത്രികളെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി നിര്‍ണയിച്ചിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുമാണ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍.
മെഡിക്കല്‍ കോളജിൽ ഒരു കോടി രൂപ ചെലവഴിച്ചു ഐസിയുവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. 14 വെന്റിലേറ്ററുകളും 70 ഐസിയു കിടക്കകളും 70 സിംഗിള്‍ റൂമുകളുമായി പിവിഎസ് ആശുപത്രി പൂര്‍ണ സജ്ജമായിക്കഴിഞ്ഞു.
കേരളത്തിലെത്തുന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനായി 36 ഷോര്‍ട്ട് സ്റ്റേ ഹോമുകളും സജ്ജമാക്കി. വീടുകളില്‍ ക്വാറന്റൈന് സൗകര്യമില്ലാത്തവരെ പാര്‍പ്പിക്കുന്നതിനായി 1,941 സിംഗിള്‍ റൂമുകളാണ് ഈ കേന്ദ്രങ്ങളിലുള്ളത്.
ഓണ്‍ലൈന്‍ വഴി മരുന്നു വിതരണവും
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനത്തിന്റെ മാതൃകയില്‍ മരുന്നുകളുടെ വിതരണവും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.
കമ്യൂണിറ്റി സര്‍വെയ്ലന്‍സ് സംവിധാനത്തിനുള്ള മാര്‍ഗരേഖയും പദ്ധതിയിലുണ്ട്. ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. വാര്‍ഡ് തലം മുതല്‍ ജില്ലാതലം വരെ സര്‍വെയ്ലന്‍സ് യൂണിറ്റ് പ്രവര്‍ത്തിക്കും.
സാന്പിള്‍ ശേഖരണത്തിനു കൂടുതല്‍ കേന്ദ്രങ്ങള്‍
ജില്ലയില്‍ കൂടുതല്‍ സാന്പിള്‍ ശേഖരണ കേന്ദ്രങ്ങളും സജ്ജമാക്കും. ആദ്യഘട്ടത്തില്‍ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാകും സാന്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍.
രണ്ടാം ഘട്ടത്തില്‍ തൃപ്പൂണിത്തുറ, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രികളിലും തൃപ്പൂണിത്തുറ ആയുര്‍വേദ കോളജിലെ കോവിഡ് കെയര്‍ ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളിലും സാന്പിളുകള്‍ ശേഖരിക്കും.
വലിയ രീതിയിലുള്ള വൈറസ് വ്യാപനമുണ്ടായാല്‍ പഞ്ചായത്ത്-നഗരസഭ തലത്തില്‍ മൊബൈല്‍ കളക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. മൊബൈല്‍ സാന്പിള്‍ കളക്ഷന്‍ കാബിനെറ്റുകള്‍ രൂപകല്പന ചെയ്തു കഴിഞ്ഞിട്ടുണ്ട്.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) പ്രാദേശികമായി നിര്‍മിക്കാനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. 654 ആംബുലന്‍സുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 58 എണ്ണമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. വൈറസ് വ്യാപനം കണ്ടെത്തിയാല്‍ ഓരോ പഞ്ചായത്തിനും രണ്ട് ആംബുലന്‍സുകള്‍ വീതം നല്‍കും.
ആധികാരിക വിവരങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായുള്ള നടപടികളും ബോധവത്കരണവും കൗണ്‍സലിംഗും നടത്തിവരുന്നു. പ്രായമേറിയവരുടെയും നവജാത ശിശുക്കളുടെയും ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 26 മുതല്‍ ജില്ലയില്‍ സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിച്ചുവരുന്നു.