കാസർഗോഡ്: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ താഴെ പറയുന്ന പ്രകാരം കൂടുതല്‍ കര്‍ശനമാക്കും.
ഹോട്ടലുകള്‍ രാത്രി ഒമ്പതുവരെ
ജില്ലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം രാത്രി ഒമ്പത് വരെ മാത്രമേ അനുവദിക്കു. രാത്രി 11 വരെ തുറക്കാന്‍ അനുവദിക്കണമെന്ന ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് നല്കിയ അപേക്ഷയിലാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് സമയം നീട്ടാനാവില്ലെന്ന് കളക്ടര്‍ അറിയിച്ചത്.
തട്ടുകടകളില്‍ പാഴ്സല്‍ മാത്രം
തട്ടുകടകള്‍ക്ക് വൈകുന്നേരം വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാഴ്സല്‍ മാത്രമേ വിതരണം ചെയ്യാന്‍ അനുമതിയുള്ളൂ. തട്ടുകടകള്‍ക്ക് സമീപം നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. നിയമ വിരുദ്ധമായ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കും.
തട്ടുകടകള്‍ നിയമം ലംഘനം തുടര്‍ന്നാല്‍ നടപടി കര്‍ശനമാക്കുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകരെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ പോലീസ്, റവന്യു വകുപ്പുകളുടെ സഹായവും ലഭ്യമാക്കും.
കടകളിൽ ഗ്ലൗസും മാസ്കും
ഹോട്ടലുകളിലും തട്ടുകടകളിലും ഉള്‍പ്പടെ എല്ലാ കടകളിലും ഉടമകളും ജീവനക്കാരും ഗ്ലൗസും മാസ്കും ധരിക്കണം. ഇതു പരിശോധിക്കാന്‍ മാഷ് പദ്ധതിയിലെ അധ്യാപകരെ നിയോഗിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്തണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
‘അതിഥി’കള്‍ക്ക് ക്വാറന്റൈന്
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിഥി തൊഴിലാളികള്‍ ജില്ലയില്‍ എത്തിതുടങ്ങിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ജില്ലയില്‍ വന്നാല്‍ ക്വാറന്റൈൻ കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുറത്തിറങ്ങി തൊഴിലെടുക്കാന്‍ അനുവദിക്കൂ.
നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാര്‍ തൊഴിലാളികളുടെ ഉത്തരവാദിത്വമേറ്റെടുക്കണം.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ ഒരാഴ്ചയ്ക്കകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഡ്രൈവിംഗ് ടെസ്റ്റിന് മുന്‍പ്
ഡ്രൈവിംഗ് ടെസ്റ്റിനു വരുന്നവരും കൂടെ വരുന്നവരും ആന്റിജന്‍ പരിശോധന നടത്തണം.
ടെസ്റ്റ് ഗ്രൗണ്ടിന് സമീപം സൗജന്യ ആന്റിജന്‍ ടെസ്റ്റിന് ആരോഗ്യവകുപ്പ് സൗകര്യം ഒരുക്കും. ആന്റിജന്‍ പരിശോധന ജില്ലയില്‍ കൂട്ടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര് പരിശോധനയ്ക്ക് സന്നദ്ധമാകണമെന്ന് കളക്ടര്‍ പറഞ്ഞു.
കളിക്കുന്പോഴും വേണം മാസ്ക്
തുറസായ സ്ഥലങ്ങളില്‍ കളിക്കുന്നതിനും ടര്‍ഫ് ഗ്രൗണ്ടില്‍ കളികള്‍ക്കും കാണികള്‍ ഉള്‍പ്പടെ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. വാര്‍ഡുകളിലെ മാഷ് പദ്ധതിയുടെ ചുമതലയുള്ള അധ്യാപകര്‍ കളിസ്ഥലങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും.
നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുക്കും.
തുറസായ സ്ഥലങ്ങളില്‍ കളിക്കുന്നത് പരമാവധി ഒഴിവാക്കണം. കളി കാണാന്‍ ആളുകള്‍ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. അതിനാല്‍ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ കളിസ്ഥലങ്ങളില്‍ എത്തുന്നത് അനുവദിക്കില്ല.
കളിക്കുമ്പോഴും മാസ്ക് ധരിക്കണം. വിവാഹത്തിന് പരമാവധി 50 ആളുകള്‍ക്കാണ് അനുമതി. വിവിധ ചടങ്ങുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രേഖാമൂലം അറിയിച്ചതിനു ശേഷം നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. ബീച്ചുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നതും അനുവദിക്കില്ല.