പത്തനംതിട്ട: ആര്‍ടി ഓഫീസിലെ ഐടി വിഭാഗത്തില്‍ ജോലി നോക്കുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജനപ്രതിനിധികളും ജീവനക്കാരും ക്വാറന്റൈനീലേക്ക്. കോന്നിയില്‍ കഴിഞ്ഞദിവസം നടന്ന സബ് ആര്‍ടി ഓഫീസ് ഉദ്ഘാടനമാണ് ജനപ്രതിനിധികളെ വെട്ടിലാക്കിയത്.
കോന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ആര്‍ടി ഓഫീസ് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പന്തളം സ്വദേശിയായ ഇയാള്‍ കോന്നിയിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യസംഘാടകനായി നിലകൊണ്ടിരുന്നു.
യോഗത്തില്‍ പങ്കെടുത്ത ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവരടക്കമുള്ളവരോടു സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നതായി പറയുന്നു. യോഗത്തില്‍ പങ്കെടുത്ത മറ്റ് ജനപ്രതിനിധികള്‍, ആര്‍ടിഒ അടക്കമുള്ള ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും.