ന്യൂഡൽഹി: ചൂട് കാലാവസ്ഥയിൽ കൊറോണ വൈറസ് കുറയുമെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘന പ്രതിനിധി ഡോ. ഡേവിഡ് നബാറോ. നാലുമാസം മാത്രം പ്രായമുള്ള വൈറസാണിത്. ഇതിന്റെ വ്യാപനരീതിയെക്കുറിച്ചോ ഇത് എത്രനാൾ നീണ്ടുനിൽക്കുമെന്നോ ഇപ്പോൾ പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള വാർത്തകൾ ഞങ്ങൾ ആകാംഷയോടെ നോക്കികാണുകയാണ്. ചൂടു കൂടുതലുള്ള ഇന്ത്യയിലെ ഇതിന്റെ വ്യാപന രീതിയെക്കുറിച്ച് കൂടുതൽ പഠിച്ചതിനുശേഷമേ കൊറോണ വൈറസും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോയെന്നു കണ്ടെത്താൻ കഴിയൂ എന്നും ഡേവിഡ് അഭിപ്രായപ്പെട്ടു.
മലേറിയ, ഫ്ളൂ തുടങ്ങിയ അണുബാധ രോഗങ്ങളുടെ രീതിയിലാണോ കൊറോണ വ്യാപിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതുകൊണ്ടു തന്നെ ഇത് എത്രനാൾ ലോകത്ത് നീണ്ടുനിൽക്കുമെന്ന് പറയാറായിട്ടില്ലെന്നും ഡേവിഡ് വ്യക്തമാക്കി.
ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏറെ സ്വാഗതാർഹമാണെന്നും ലോകാരോഗ്യസംഘടന പ്രതിനിധി അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇന്ത്യയിൽ കുറവാണ്. എങ്കിലും മുൻകൂട്ടി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഏറെ ഗുണം ചെയ്യുമെന്നും ഡേവിഡ് കൂട്ടിച്ചേർത്തു.