ഇടുക്കി: കൊറോണ വൈറസ് ബാധയ്ക്കെതിരെ ജില്ലയിൽ ഉൗർജിതമായ മുൻകരുതലുകൾ സ്വീകരിച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു.
നിലവിൽ ഒരു തരത്തിലുമുള്ള പരിഭ്രാന്തിക്കും ഇടയില്ലെന്നു യോഗം വിലയിരുത്തി. സമൂഹത്തിന്റെ എല്ലാ മേഖലകളും ആരോഗ്യവകുപ്പും മറ്റ് ഏജൻസികളും നിരീക്ഷിച്ചുവരികയാണ്. ജില്ലയിൽ ഇപ്പോൾ 36 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇതിൽ ഡൽഹിയിൽ നിന്നെത്തിയ ഒരു ഉത്തരേന്ത്യക്കാരൻ ഇടുക്കി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ കഴിയുന്നുണ്ടെന്നും ആർക്കും തന്നെ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിഎംഒ ഡോ. എൻ. പ്രിയ അറിയിച്ചു.
നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, അൽഅസ്ഹർ മെഡിക്കൽ കോളജ് തൊടുപുഴ എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ആവശ്യമെങ്കിൽ മൂന്നാർ ജനറൽ ആശുപത്രി, കട്ടപ്പന സെന്റ് ജോണ്‍സ്, അടിമാലി മോർണിംഗ് സ്റ്റാർ, തൊടുപുഴ ചാഴികാട് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കും.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പോലീസ് മേധാവി പി.കെ. മധു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ , ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ എൻ.ബി. ബിജു, ഡോ. ജോബിൻ, ഡോ. ഖയാസ്, ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു
വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുത്
രോഗം സംബന്ധിച്ച വ്യാജപ്രചാരണങ്ങളിൽ ആരും കുടുങ്ങരുതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ. വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനം.
വൈറസ് രോഗമായതിനാൽ നിലവിൽ പ്രതിരോധമരുന്നുകൾ കണ്ടെത്തിയിട്ടില്ല. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം.
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശൂപത്രിയിൽ വരേണ്ടതില്ല. അവർ ഏറ്റവും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ- 1056) 0486 223 3130, 0486 223 3111.
ഈ നന്പറുകളിൽ ബന്ധപ്പെടുകയും ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം. രോഗലക്ഷണങ്ങൾ ഉളളവർ കഴിവതും പൊതുപരിപാടികളും പൊതുയാത്രാസംവിധാനങ്ങളും ഒഴിവാക്കണം.
കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പും വെളളവും ഉപയോഗിച്ചോ ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചോ കഴുകുകയും ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറയ്ക്കുകയും വേണ. അനാവശ്യമായ ആശുപത്രി, രോഗി സന്ദർശനവും ഒഴിവാക്കണം.
ഓണ്‍ലൈൻ ബുക്കിംഗ് സ്വീകരിക്കരുത്
വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമളി, വാഗമണ്‍, മൂന്നാർ എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും പുതിയ ഓണ്‍ലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദ്ദേശിച്ചു.
കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ റിസോർട്ട്,ഹോട്ടൽ ഉടമകളുടെയും ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെയും അടിയന്തര യോഗങ്ങൾ നടന്നു വരുന്നു.
ഈ കേന്ദ്രങ്ങളിൽ പോലീസിന്റെയും ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ വിദേശികളായ ടൂറിസ്റ്റുകളുടെ കണക്ക് എടുക്കാനും ഈ മേഖലകളിൽ ബോധവത്കരണം നടത്താനും തീരുമാനിച്ചു.
ആശുപത്രിയിൽ പോകേണ്ട; വിളിച്ചാൽ മതി
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സന്പർക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ പോകേണ്ടതില്ല.
താഴെ പറയുന്ന ഫോണ്‍ നന്പരുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ജില്ലാ കണ്ട്രോൾ റൂം – 828 107 8680, 9495 962 691, 9544 409 240, 8281 078 680, 8547 054 770.
വിശദീകരണവുമായി ആരോഗ്യവകുപ്പ്
രാജാക്കാട്: രാജാക്കാട്ട് കൊറോണ സ്ഥിരീകരിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇറ്റലിയിൽ നിന്നെത്തിയ അഞ്ചുപേർ നിരീക്ഷണത്തിൽ മാത്രമാണുള്ളതെന്നും രാജാക്കാട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ജോബിൻ ജോസ് അറിയിച്ചു.
നിലവിൽ കൊറോണ ആശങ്ക ഇടുക്കിയിൽ ഇല്ലെന്നും നീരീക്ഷണത്തിലുള്ള ഒരാളുടെ സാന്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും നിരീക്ഷണത്തിലുള്ള ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പരിശോധനാഫലം വരുന്നതിനുമുൻപ് ജനങ്ങളെ പരിഭ്രാന്തരാക്കാൻ സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി എന്നിവർ ആവശ്യപ്പെട്ടു.
കൊറോണ മുന്നറിയിപ്പ് ബോർഡ് ആശങ്ക പരത്തി
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ കൊറോണയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡ് ആളുകളിൽ ആശങ്ക പരത്തി. വിദേശ രാജ്യങ്ങളിൽനിന്നും എത്തിയശേഷം ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർ മുൻകുട്ടി ആശുപത്രി അധികൃതരെ അറിയിക്കണമെന്ന ബോർഡാണ് തെറ്റിദ്ധാരണക്കു കാരണമായത്.
ചൈന, സൗത്ത് കൊറിയ, ഇറ്റലി, ഗൾഫ് മുതലായ കൊറോണ വൈറസ് ബാധയുണ്ടായിട്ടുള്ള രാജ്യങ്ങളിൽനിന്നും എത്തിയിട്ടുള്ളവരും അവരുമായി സന്പർക്കം ഉണ്ടായിട്ടുള്ളവരും നിർബന്ധമായി ആശുപത്രിയിൽ മുൻകൂട്ടി അറിയിച്ചതിനുശേഷംമാത്രം ഡോക്ടർമാരെ കാണണം എന്നാണ് ബോർഡിൽ ഉണ്ടായിരുന്നത്.
ഇവർക്ക് ക്യൂവിൽ നിൽക്കാതെ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു. ആശുപത്രിയിൽ എത്തിയാൽ ആശുപത്രി ജീവനക്കാരെ അറിയിച്ച് ക്യൂവിൽ നിൽക്കാതെ പ്രത്യേകം സജ്ജമാക്കിയ ഒപിയിൽ ചികിത്സ തേടണമെന്നാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.