ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,73,105 ആയി. ഇതിൽ 1,86,514 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,71,697 പേർക്ക് രോഗം ഭേദമായി.
24 മണിക്കൂറിനിടെ രാജ്യത്ത് 418 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 14,894 ആയി ഉയർന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തുതന്നെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,42,900 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,739 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 62,369 പേർ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.
ഡൽഹിയിൽ 70,390 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,365 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 26,588 പേർ ഇപ്പോഴും ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ലോകത്ത് 95,527,099 രോഗികൾ
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. 95,527,099 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ 4,84,956 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്.
ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,63,271 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.