ന്യൂഡൽഹി: സമ്പൂർണ ലോക്ക്ഡൗണിനിടയിലും ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. 540 പുതിയ കേസുകൾ കൂടി വന്നതോടെ രോഗബാധിതരുടെ എണ്ണം 5734 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17 കൊറോണ വൈറസ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 166 ആയി.
രാജ്യത്ത് ഏറ്റവുമധികവും കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1135 പേർക്ക് രോഗം ബാധിക്കുകയും 72 പേർ മരിക്കുകയും ചെയ്തു.
പുതിയ കോവിഡ് മരണങ്ങളിൽ എട്ടും മഹാരാഷ്ട്രയിലാണെന്നത് ആശങ്ക വർധിപ്പിക്കുണ്ട്. തമിഴ്നാട്ടിൽ 738 പേർക്കും ഡൽഹിയിൽ 669 പേർക്കും രോഗം ബാധിച്ചു. തെലുങ്കാനയിൽ രോഗനിരക്ക് 427ലേക്ക് ഉയർന്നത് ആശങ്കവർധിപ്പിക്കുന്നുണ്ട്.
അതിനിടെ ജാർഖണ്ഡിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ബൊക്കാരോയിൽ ചികിത്സയിലായിരുന്ന 72 വയസുകാരനാണ് മരിച്ചത്. രോഗലക്ഷണങ്ങളുമായി ബിജിഎച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗുജറാത്ത്-16, മധ്യപ്രദേശ്-13, ഡൽഹി-9, പഞ്ചാബ്-8, തമിഴ്നാട്-8, പശ്ചിമ ബംഗാൾ-5, കർണാടക-5, ആന്ധ്രാപ്രദേശ്-4, ജമ്മു കാഷ്മീർ-4, ഉത്തർപ്രദേശ്-4, ഹരിയാന-3, രാജസ്ഥാൻ-3, കേരളം-2, ബിഹാർ-1, ഹിമാചൽ പ്രദേശ്-1, ഒഡീഷ്-1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക്.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പുതിയ പഠനം അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തി ക്വാറന്റൈ നിൽ ആകാതിരിക്കുകയോ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 30 ദിവസത്തിനുള്ളിൽ 406 പേരിലേക്കു രോഗം പടർത്തും.
അതിനാൽ പരിശോധനകൾ കൂട്ടാനും സാമൂഹ്യ അകലം ഉറപ്പാക്കാനുമുളള നടപടികൾ ദ്രുതഗതിയിലാക്കാനാണു നിർദേശം. ദിവസവും മൂന്നു മുതൽ അഞ്ചു ലക്ഷം പേരെ വരെയെങ്കിലും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു.
പരിശോധനകളോടൊപ്പം ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങൾ ഒരു മാസമെങ്കിലുംകൂടി നീട്ടണമെന്നും വിദഗ്ധർ പറയുന്നു.