ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,604 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി. 87 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,293 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ രോഗം അതിവേഗം പടരുകയാണ്. ഒന്പത് ദിവസത്തിൽ കേസുകൾ ഇരട്ടിക്കുകയാണവിടെ. രാജ്യത്ത് രോഗികളുടെ എണ്ണത്തിൽത്തന്നെ ഒന്നാം സ്ഥാനത്തുമാണ്.
മഹാരാഷ്ട്രയിൽ പുതിയ 1,230 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 23, 401 ആയി. മരണം 868 ആയി ഉയരുകയും ചെയ്തു.
ഗുജറാത്ത് രോഗികളുടെ എണ്ണത്തിൽ രണ്ടാമതാണെങ്കിലും മരണനിരക്കിൽ ഒന്നാമതാണ്. ഇവിടെ 8, 541 കേസുകളും 513 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പച്ചക്കറിച്ചന്തയായ കോയമ്പേട് മാർക്കറ്റും തൊട്ടടുത്ത് ചെന്നൈ നഗരത്തിൽത്തന്നെയുള്ള തിരുവാൺമിയൂർ മാർക്കറ്റും രോഗവ്യാപനത്തിന്റെ രണ്ട് ക്ലസ്റ്ററുകളായി മാറുകയാണ്.
തമിഴ്നാട്ടിൽ ഇന്നലെ മാത്രം 798 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 8,002 ആയി. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,68,482 ആയി.
ആകെ മരണം 2,87,462 ആയി. ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. എൺപത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയിൽ മരിച്ചത്.