ഇറ്റലിയിലെ ലോഡിയിൽനിന്നു ഫാ. ജിനോ മുട്ടത്തുപാടം
കോവിഡ് മഹാമാരി ദിവസം ആയിരം എന്നതോതിൽ ആൾനാശം വിതച്ച ഇറ്റലിയിൽ മരണനിരക്കും രോഗബാധിതരുടെ പട്ടികയും അൽപം കുറഞ്ഞു എന്നതാണ് ഏപ്രിൽ അവസാനമെത്തുന്പോൾ പ്രത്യാശയുടെ വാർത്ത.
ഓരോ ദിവസത്തെയും മരണനിരക്ക് 400 വീതം എന്ന തോതിലും രോഗവിമുക്തരാകുന്നവരുടെ എണ്ണം 1,200 എന്ന നിരക്കിലും എത്തിയിരിക്കുന്നു. രണ്ടാഴ്ച മുൻപത്തെ വച്ചു നോക്കിയാൽ ഏറെ ആശ്വാസകരം.
ദുരിതക്കൊടുങ്കാറ്റ് എല്ലാം തൂത്തെറിഞ്ഞു പിൻവാങ്ങുന്പോൾ പല വീടുകളിലും പല ഗ്രാമങ്ങളിലും ആളനക്കം പോലും ഇല്ലാതായിരിക്കുന്നു.
കൊറോണ ബാധിതരിൽ 75 ശതമാനവും ഇപ്പോഴും വീടുകളിൽ അടച്ചുപൂട്ടിക്കഴിയുകയാണ്. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും അനുഭവങ്ങൾ മാത്രമേ ഓരോ ഗ്രാമത്തിലും നഗരത്തിലും കാണാനും കേൾക്കാനുമുള്ളു.
തുണയായി സാന്പത്തിക സഹായം
കൊറോണയുടെ പ്രത്യാഘാതമായി സാന്പത്തിക മാന്ദ്യം രൂക്ഷമായി ഇറ്റലിയെ ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരം. തൊഴിൽരഹിതരായവർക്കും രോഗബാധിതർക്കും കരുതൽ വേണ്ടവർക്കും ഗവണ്മെന്റ് സാന്പത്തിക സഹായം അനുവദിക്കുന്നുണ്ട്.
കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് മാസം 600 യൂറോ വീതം പ്രത്യേക ധനസഹായമുണ്ട്. ഏറെക്കുറെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണെങ്കിലും അംഗീകൃത ജോലിക്കാർക്കു ശന്പളം മുടങ്ങിയിട്ടില്ല. ക്ഷേമപെൻഷനുകൾ കൃത്യമായി ലഭിക്കുന്നുണ്ട്.
ആരോഗ്യസംരക്ഷണം സർക്കാർ ചുമതലയായതിനാൽ ചികിത്സാ കാര്യങ്ങളിൽ കാര്യമായ വീഴ്ചയില്ല. അചിന്തനീയവും അപ്രതീക്ഷിതവുമായി കൊറോണ ഇറ്റലിയെ നൊടിയിടയിൽ തരിപ്പണമാക്കുമെന്നോ ഇത്രയേറെ ആൾനാശമുണ്ടാകുമെന്നോ ആരും കരുതിയിരുന്നില്ല.
അതിനാൽ വിമർശനങ്ങളിലൊന്നും വലിയ അടിസ്ഥാനം കാണാനാവുകയുമില്ല. വേണ്ടിടത്തോളം സാധനങ്ങളുമായി സൂപ്പർ മാർക്കറ്റുകളേറെയും തുറന്നു പ്രവർത്തിക്കുന്നു. ഒരിടത്തും ഭക്ഷ്യക്ഷാമം നേരിടുന്നില്ല.
മൂന്നു ലക്ഷം കേസുകൾ
സാമൂഹിക സുരക്ഷാനിബന്ധന അതികർക്കശമായി തുടരുകയാണ്. അനാവശ്യമായി ആർക്കും വീടിനു പുറത്തിറങ്ങാൻ അനുവാദമില്ല. ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയതിനു മൂന്നു ലക്ഷത്തോളം പേർക്കെതിരേ പല തരത്തിലുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവർക്ക് എന്തു ശിക്ഷ നൽകണമെന്ന് പാർലമെന്റ് ആലോചിച്ചുവരികയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനുമെതിരേ കർക്കശമായ നിബന്ധന തുടരാനാണ് നിർദേശം. ദേവാലയങ്ങളും സഭയുടെ ഏറെ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു.
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. അടുത്ത കാലത്തു കുടിയേറ്റക്കാരായി മറ്റ് രാജ്യങ്ങളിൽനിന്നു വരികയും അനധികൃതമായി ജോലി ചെയ്തു ജീവിക്കുകയും ചെയ്യുന്നവർക്കു സാന്പത്തിക പ്രതിസന്ധി നിലവിലുണ്ട്.
ചിലേടങ്ങളിൽ മലയാളികളും ഇത്തരത്തിൽ ബുദ്ധിമുട്ടുന്നുണ്ട്. ഇറ്റലിയിൽ 110 വൈദികർ കൊറോണ ബാധിതരായി മരിച്ചുവെന്നത് ഏറെ ദുഃഖകരം. ഉന്നതമായ നിലയിൽ സേവന ശുശ്രൂഷകൾ അർപ്പിച്ചിരുന്ന അതിപ്രമുഖരും ഇതിൽപ്പെടുന്നു.
ആതുരശുശ്രൂഷാമേഖലയിൽ 134 ഡോക്ടർമാരും ആയിരക്കണക്കിന് നഴ്സുമാരും കൊറോണ ബാധിതരായി മരിച്ചു. ഇപ്പോഴും രാജ്യത്ത് കോവിഡ് പരിശോധന തുടരുകയാണ്.
അതേസമയം, സ്വകാര്യ ഓൾഡ് ഏജ് ഹോമുകളിൽ സർക്കാർ വേണ്ടത്ര ജാഗ്രത പുലർത്താതിരുന്നതാണ് മരണനിരക്ക് ലോകത്തിൽതന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്താൻ കാരണമെന്നു നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംഘടനകൾ ആരോപണം ഉയർത്തിയിട്ടുണ്ട്.
നഴ്സുമാരുടെ ചില സംഘടനകൾ ഇത്തരത്തിലെ അലംഭാവത്തിനെതിരേ നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയും ചെയ്തു. ചില ഓൾഡ് ഏജ് ഹോമുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ മരണനിരക്ക് 200 എണ്ണം വരെ വർധിച്ചെന്നും വേണ്ടത്ര ചികിത്സാ സജ്ജീകരണം കൊറോണ കാലത്ത് ലഭ്യമായില്ലെന്നും ഇവർ ആരോപിക്കുന്നു. മനഃപൂർവമല്ലാത്ത നരഹത്യ ആരോപിച്ചാണ് ഇവർ നിയമനടപടിയിലേക്കു നീങ്ങിയിരിക്കുന്നത്.