സ്വന്തം ലേഖകന്‍
കോഴിക്കോട്: ആശങ്ക ഒഴിയാത്ത മുഖങ്ങള്‍… മിക്കവരും എത്തുന്നത് മുഖം മറച്ച്… ചിലര്‍ മാസ്കുകള്‍ ഉപയോഗിക്കുന്നു, മറ്റുചിലര്‍ ടൗവ്വലുകൊണ്ട് മുഖം മറയ്ക്കുന്നു.
അടുത്തിടപഴകാന്‍ എല്ലാവര്ക്കും പേടി. ഒരു ചുമപോലും ആളുകളെ ഭീതിയിലാഴ്ത്തുകയാണ്. അത്യാവശ്യം കാര്യങ്ങള്‍ക്ക് മാത്രമായാണ് പലരും ഇപ്പോള്‍ എത്തുന്നത്. നഗരത്തില്‍ സമയം ചിലവിടാന്‍ ആര്‍ക്കും താത്പര്യമില്ല.
ഒരോദിവസവും വര്‍ധിച്ചുവരുന്ന കോറോണ ഭീതിയാണ് പലരുടെയും മുഖത്ത്. കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിയെന്നവാര്ത്ത കാട്ടുതീ പോലെയാണ് നഗരത്തില്‍ പടര്‍ന്നത്.
ഇതോടെ കോഴിക്കോട് നിവാസികളുടെ ആശങ്ക ഇരട്ടിച്ചു. അതു രാവിലെ തന്നെ നഗരത്തില്‍ ദൃശ്യമാകുകയും ചെയ്തു. കോഴിക്കോട് മിഠായിത്തെരുവിലും പാളയത്തും ഓട്ടോസ്റ്റാന്‍ഡിലും എല്ലാം ആളില്ലാതായി. മിഠായിത്തെരുവില്‍ ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ആളുകളെ പോലീസ് സമ്മതിച്ചതുമില്ല. ഇതോടെ ഈ ഭാഗവും നിശ്ചലമായി.
മാനാഞ്ചിറ പരിസരവും ബീച്ചും ഇന്നലെയും വിജനമായി. ഒറ്റയ്ക്കിരിക്കുന്നവരാകട്ടെ ഫോണില്‍ കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നതിരക്കിലുമായി.
അടച്ചിട്ട തിയറ്ററുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഓഡിറ്റോറിയങ്ങളും നഗരത്തിന് സമ്മാനിക്കുന്നത് മറ്റൊരുമുഖമാണ്. നിപ്പകാലത്ത് ചര്‍ച്ചയായത് കോഴിക്കോടായിരുന്നുവെങ്കില് ഇന്ന് കോഴിക്കോട് ജനത ശ്രദ്ധിക്കുന്നത് ലോകത്ത് വര്‍ധിച്ചുവരുന്ന കൊറോണ മരണങ്ങളെകുറിച്ചാണ്.
കോഴിക്കോട് റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്നവരുടെ എണ്ണം നന്നേകുറഞ്ഞു.ട്രെയിന്‍ യാത്രക്കാര്‍ക്കൊപ്പം പ്ലാറ്റ് ഫോമില്‍ എത്തുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
ഇതിനായി റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് ഹെല്‍പ്പിങ്ങ് ഡെസ്ക്കുകള്ദിവസങ്ങള്ക്ക് മുന്‍പ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
അഞ്ച് പോലീസുകാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നഴ്സുമാരും നഴ്സിങ്ങ് വിദ്യാര്‍ഥികളും അടങ്ങുന്ന 18 പേരടങ്ങുന്ന വളന്റിയര്‍മാരാണ് ഒരു ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്. അസുഖബാധിതരെയും വിദേശികളെയും നിരീക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
യാത്രക്കാരെ തെര്‍മല്‍ഗണ്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. തെര്‍മല്‍ ഗണ്ണില്‍ താപനില നൂറില്‍ കൂടുതല്‍ ആണെങ്കില്‍ യാത്രക്കാരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുകയും അവര്‍ക്ക് ഉടനടി ചികിത്സയും ലഭ്യമാക്കും. ഇതിനായി ഒരു ആംബുലന്‍സ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
കോവിഡ് ഭീതിയുള്ളതിനാല്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ജനത്തിരക്ക് വളരെ കുറവായിരുന്നു. ജനങ്ങള്‍ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ ജാഗ്രത പുലര്‍ത്തിയതായിരുന്നു റെയില്‍വേ സ്റ്റേഷനുകളില്‍ കണ്ട കാഴ്ച.
അധികൃതരുടെ നിര്‍ദേശം മാനിച്ച് പലരും യാത്ര ഒഴിവാക്കി. കൂടുതല്‍ പേരും മാസ്ക് ധരിച്ചാണ് യാത്ര ചെയ്തത്.
കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലും സമാന അവസ്ഥയായിരുന്നു.തെര്‍മല്‍ഗണ്‍ ഉപയോഗിച്ച് ഈ രണ്ടുസ്ഥലത്തും കർശന പരിശോധന നടന്നു.
യാത്രക്കാതുടെ കുറവുനൂലം ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മാനാഞ്ചിറ പരിസരത്തും മറ്റും സിറ്റിബസുകൾ നിർത്തിയിട്ടിരിക്കുന്നു.
ഇതോടൊപ്പം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങൾ ഒഴിവാക്കി വിവാഹം ചടങ്ങു മാത്രമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.