വർഗീസ് എം.കൊച്ചുപറമ്പിൽ

ചവറ: മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചതോടെ കടലോരമേഖല കടുത്ത പ്രതിസന്ധിയിലും മത്സ്യത്തൊഴിലാളികള്‍ കടുത്ത പട്ടിണിയിലുമായി.
കോവിഡ് സമ്പര്‍ക്കവ്യാപന ഭീഷണി വര്‍ധിച്ചതോടെയാണ് എല്ലാത്തരത്തിലുമുള്ള മത്സ്യബന്ധനം അധികൃതർ നിരോധിച്ചത്.
എന്നാൽ ട്രോളിങ് നിരോധിച്ചതോടെ യന്ത്രവൽകൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെല്ലാം തൊഴിലില്ലാതെ ദുരിതത്തിലുമായി.
പരമ്പരാഗത വള്ളക്കാര്, വീശുവലക്കാര്‍, കട്ടമരക്കാര് എന്നിവര്‍ മാത്രമാണ് കടലില്‍ പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോള്‍ അതും കോവിഡിനെ തുടർന്ന് പൂര്‍ണമായും നിലച്ചു.
ജില്ലയിലെ തങ്കശേരി, നീണ്ടകര, അഴീക്കൽ എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ഉപജീവനം നടത്തിക്കൊണ്ടിരുന്ന ആയിരങ്ങളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.
ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ കടലോരമേഖല പ്രതിസന്ധിയാണെന്ന് മനസിലാക്കിയിട്ടും മത്സ്യമേഖലയ്ക്കായി ഒരുതരത്തിലുമുള്ള സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമില്ല. ദിവസവും മത്സ്യബന്ധനം നടത്തിവന്ന കുടുംബങ്ങളെല്ലാം പട്ടിണിയിലേക്ക് നീങ്ങുകയാണ്.
വായ്പ നല്കുന്ന കാര്യത്തില്‍ കടലോരമേഖലയോട് ബാങ്കുകാരും പുറംതിരിഞ്ഞു നില്‍ക്കുകയാണെന്ന് ആക്ഷേപം ഉണ്ട്. കോവിഡ് കാലത്ത് പ്രഖ്യാപിച്ച 2000 രൂപ ഇനിയും കിട്ടാനുള്ള മത്സ്യതൊഴിലാളികൾ ഉണ്ടെന്നാണ് വിവരം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹാർബറുകളും മത്സ്യ വിപണന കേന്ദ്രങ്ങളും സമ്പൂർണമായും അടച്ചു പൂട്ടിയതിനാൽ തീരദേശത്തെയും ഉൾനാടൻ മേഖലയിലെയും മത്സ്യതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികൾ ഉൾപ്പടെയുള്ള അനുബന്ധ തൊഴിലാളികളും പട്ടിണിയിലാണ്.
മത്സ്യ തൊഴിലാളി സമൂഹത്തിന്റെ ദുരിതം അകറ്റുവാൻ പ്രത്യേക അതിജീവന പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും, മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ സൗജന്ന്യ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകണമെന്നും, രോഗ വ്യാപനം ഇല്ലാത്ത മേഖലകളിൽ തൊഴിൽ ചെയ്യുവാനുള്ള അനുവാദം നൽകണമെന്നും കേരളാ സ്റ്റേറ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.