കാഞ്ഞങ്ങാട്: കോവിഡ് ബാധിതനായ പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് സ്വദേശിയായ 25കാരൻ നാട്ടിൽ സ്വൈരവിഹാരം നടത്തിയത് നാലുദിവസം. ദുബായിൽ നിന്ന് 16നാണ് ഇയാൾ ഡൽഹിയിൽ എത്തുന്നത്. അവിടെ ഒരുദിവസം തങ്ങി.
17ന് പുലർച്ചെ വിമാനത്തിൽ ഗോവയിലെത്തി. ഗോവയിൽ നിന്ന് പിറ്റേന്ന് മംഗള എക്സ്പ്രസിൽ പുലർച്ചെ 3.30ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. കാഞ്ഞങ്ങാടു നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലെത്തി. വീട്ടിലെത്തുന്പോൾ നേരിയ പനിയുണ്ടായിരുന്നു.
ഇതു കണക്കിലെടുക്കാതെ വീട്ടുകാരും കൂട്ടുകാരുമായി സന്പർക്കം പുലർത്തി. ഒരുദിവസം തലമുടി വെട്ടാനും മറ്റൊരു ദിവസം താടി ഡ്രസ് ചെയ്യാനുമായി രണ്ടു ബാർബർ ഷോപ്പുകളിൽ പോയി.
ബേക്കൽ കോട്ടയ്ക്കും പള്ളിക്കര ഹൈസ്കൂളിനും സമീപത്തുള്ള രണ്ട് ഫാസ്റ്റ്ഫുഡ് ഹോട്ടലുകളിൽ നിന്നുമായി സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു. കൂടാതെ അച്ഛനെ സഹായിക്കാൻ പൂച്ചക്കാട്ടെ ഒരു കടയിലും സഹായിയായിനിന്നു.
യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ പള്ളിക്കരയിലെയും സമീപ പഞ്ചായത്തായ ഉദുമയിലെയും 600ൽപരം പേർ നിരീക്ഷണത്തിലാണുള്ളത്.