മലപ്പുറം: ലോക്ക് ഡൗണ്‍ നിലനിൽക്കെ ചെന്നൈയിൽ നിന്നു ചരക്കു വാഹനങ്ങളിലും കാൽനടയായും സംസ്ഥാന അതിർത്തി കടന്നു പാലക്കാട്ടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കോവിഡ് -19 സ്ഥിരീകരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ പതിനെട്ടുകാരനാണ് രോഗബാധ.
ഇയാൾ മലപ്പുറം ജില്ലയിൽ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
ചെന്നൈയിലെ ജ്യൂസ് കടയിൽ ജോലിക്കാരനായ ഈ യുവാവ് ഒതുക്കുങ്ങലിലെ വീട്ടിൽ നിന്നു ജനുവരി 18ന് ചെന്നൈയിലേക്കു പോയതാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്നു കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയിൽ നിന്നു ചരക്കു വാഹനങ്ങളിലും കാൽനടയായുമാണ് ഇയാൾ അതിർത്തി കടന്നത്. ഇതിനിടെ ഏപ്രിൽ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പോലീസിന്റെ പിടിയിലായി.
18 ന് തന്നെ പോലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി.