ഈരാറ്റുപേട്ട: കോവിഡ് രോഗഭീതി ഏറ്റവുമധികം ശക്തമായ കാസർഗോഡുനിന്നും ഒരാൾ ഈരാറ്റുപേട്ട കളത്തൂക്കടവിലെത്തിയത് ആശങ്ക പരത്തി.
ബന്ധുവീട്ടുകാർ തിരസ്കരിച്ചതോടെ ഒരു പകൽ മുഴുവൻ അലഞ്ഞുതിരിഞ്ഞ ഇയാളെ ഒടുവിൽ മേലുകാവിൽ സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിലാക്കി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാസർഗോഡുനിന്നും മധ്യവയസ്കൻ നാട്ടിലെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ കളത്തൂക്കടവിലെ ബന്ധുവീട്ടിലെത്തിയതെന്നാണ് വിവരം.
വീട്ടുകാർ ഇയാളെ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ടൗണിൽ എത്തിയ ഇയാൾ കാസർഗോട്ടു നിന്നാണെന്നു വിവരം പരന്നതോടെ ആശങ്ക ഉയരുകയായിരുന്നു.
അധികൃതർ സ്ഥലത്തെത്തിയെങ്കിലും മലബാറിലേക്ക് മടങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നു. ലോക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ യാത്ര നടന്നില്ല.
രാത്രി കടത്തിണ്ണയിലാണ് ഇയാൾ കഴിച്ചു കൂട്ടിയത്. വിവരം അറിഞ്ഞ് രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി അടക്കം ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
തുടർന്ന് മേലുകാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ റൂം തയാറാക്കി ഇയാളെ അവിടേക്കു മാറ്റി.