കണ്ണൂർ: കണ്ണൂരിൽ കോവിഡ്-19 ബാധിച്ചയാൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച അഞ്ചു പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവർ കാസർഗോഡ് സ്വദേശികളാണെന്നു തിരിച്ചറിഞ്ഞു.
ഇവരിൽ വെള്ളമുണ്ട സ്വദേശിയായ ഒരാൾ പരിശോധനകൾക്കു മുന്പേ ദുബായിലേക്കു തിരിച്ചുപോവുകയും ചെയ്തു. ഇദ്ദേഹം മാനന്തവാടിയിൽ 1000 പേരോളം എത്തിയ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. മറ്റു നാലുപേരും വീടുകളിൽ നിരീക്ഷണത്തിലാണ്.
അതേസമയം, കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 56 പേരെ മലപ്പുറത്തുനിന്നും ആരോഗ്യ വിഭാഗം കണ്ടെത്തി. ഇവർ വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ്.
ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. മാർച്ച് അഞ്ചിന് ദുബായ്- കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്തവരാണിവർ.
കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി അടക്കം നാലുപേരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനുമായി നേരിൽ സന്പർക്കം പുലർത്തിയ അമ്മ, ഭാര്യ, കുട്ടി എന്നിവർ ഐസൊലേഷനിലാണ്.
കൊറോണ സ്ഥിരീകരിച്ച വ്യക്തിയടക്കമുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്ന് കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. ഇയാളുമായി പ്രാഥമിക ബന്ധം പുലർത്തിയ അമ്മാവൻ, ബന്ധുക്കൾ, ടാക്സി ഓടിച്ച ആൾ എന്നിവരടക്കം 15-പേർ വീട്ടുനിരീക്ഷണത്തിലാണ്.