കാസര്‍ഗോഡ്: രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലാതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലാ കളക്ടര്‍ ഡി. സജിത്ബാബു കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു.
ജില്ലയിലെ മുഴുവന്‍ പൊതുസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, കണ്വന്ഷന് സെന്ററുകള്‍, കമ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവയില്‍ ഒരുമിച്ചു കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി.
ഈ നിയമം ലംഘിച്ചു നിശ്ചിത ആളുകളില്‍ കൂടുതല്‍ പേര് ഒരുമിച്ചു കൂടുന്നപക്ഷം ആവശ്യമായാല്‍ പിരിച്ചുവിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രദേശത്തെ സിഐമാര്‍ക്ക് ദുരന്തനിവാരണ ആക്ട് പ്രകാരം ചുമതല നല്കി.
തുടര്‍ന്നും നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും അവ പൂട്ടി സീല്‍ വയ്ക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
പൊതുസ്ഥലങ്ങള്‍ ശുചിത്വം നിലനിര്‍ത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തണം.
ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓഫീസ് മേധാവികള്‍ ജീവനക്കാര്‍ക്കും ഓഫീസ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്കും ശുദ്ധജലം ഉപയോഗിച്ചു കൈകഴുകുന്നതിന് ഹാൻഡ് വാഷും ലിക്വിഡും സാനിറ്റൈസറും സജ്ജമാക്കണമെന്നും ഇതിന്റെ സന്ദേശം ജീവനക്കാരില്‍ എത്തിക്കേണ്ടതുമാണ്.
ഇവ ലംഘിക്കുന്നവര്‍ക്കെതിരേയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരേയും ദുരന്തനിവാരണത്തിലെ സെക്ഷന്‍ 51, 56 വകുപ്പ് പ്രകാരവും ഐപിസി സെക്ഷന്‍ 269 പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.