മുംബൈ: കൊറോണ വൈറസ് മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണെന്നു ഹിന്ദു മഹാസഭ ദേശീയ നേതാവ്. ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണിയുടേതാണു പരാമർശം.
കൊറോണ ഒരു വൈറസല്ല, പാവപ്പെട്ട ജീവികളുടെ സംരക്ഷണത്തിനുള്ള അവതാരമാണ്. മാംസം ഭക്ഷിക്കുന്നവരെ കാത്തു മരണമുണ്ടെന്ന സന്ദേശം നൽകാനാണ് അത് എത്തിയിരിക്കുന്നത്.
മാംസാഹാരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാൻ എത്തിയതാണിത്. അതുകൊണ്ട്, ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്നു പ്രതിജ്ഞയെടുക്കണം- ചക്രപാണി പറഞ്ഞു.
നരസിംഹാവതാരമാണു കൊറോണ. ഇന്ത്യക്കാർ കൊറോണയെ പേടിക്കേണ്ടതില്ല. ഇന്ത്യക്കാർ പശുവിനെ ആരാധിക്കുന്നത് വൈറസിനെ തടുക്കാൻ കരുത്തു നൽകുമെന്നും ചക്രപാണി പറഞ്ഞു.
കൊറോണ ബാധയിൽ നിന്ന് രക്ഷനേടാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് കൊറോണയുടെ വിഗ്രഹം സൃഷ്ടിച്ചു മാപ്പപേക്ഷിക്കണമെന്നും താൻ പറഞ്ഞതു പിന്തുടർന്നാൽ കൊറോണ അതിന്റെ ലോകത്തേക്ക് മടങ്ങിപ്പോകുമെന്നുമാണു ചക്രപാണി പറയുന്നത്.
കൊറോണ വൈറസ് ലോകമെന്പാടും പടർന്നുപിടിക്കുന്പോൾ, ആഗോള ആരോഗ്യ വിദഗ്ധർ മാരകമായ ഈ വൈറസിനെതിരെ ചികിത്സയും വാക്സിനുകളും കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ്.
ഈ സാഹചര്യത്തിലാണു ചക്രപാണിയുടെ വിവാദ പരാമർശം.