വടകര: കൊറോണ വൈറസിനെതിരെ പോരാടാനും കണ്ണികൾ അറുക്കാനും നിങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് ഓർമിപ്പിച്ച് കൊണ്ട് മേമുണ്ട ആറങ്ങോട് മഹൽ ഖാസി ഹുസൈൻ ബാഖവി.
‘ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾക്കുമപ്പുറം നിങ്ങൾ ഉണർന്നു പ്രവർത്തിക്കുക, നിങ്ങളിൽ ഒരാളുടെ അലസ മനോഭാവവും ജാഗ്രതക്കുറവും കൊറോണ പടർന്നു പിടിക്കാൻ കാരണമായേക്കാം’ ഖാസിയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
എല്ലായിടത്തും നിശ്ചിത അകലം പാലിക്കുക, ഹസ്ത ദാനം തൽക്കാലത്തേക്ക് വേണ്ടെന്നു വെക്കുക, ഒരു മണിക്കൂർ ഇടവിട്ട് ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക, വിവാഹം, മരണ വീടുകൾ സന്ദർശനം, അത്യാവശ്യമല്ലാത്ത കണ്ടുമുട്ടലുകൾ, യോഗങ്ങൾ എന്നിവയെല്ലാം ഇനി ഒരറിയിപ്പുണ്ടാകും വരെ വേണ്ടെന്നു വെച്ചോളൂ.
നമ്മുടെ വീടുകളിലേക്കുള്ള പരിചയമില്ലാത്തവരുടെ സ്വീകരണം ഒഴിവാക്കൂ. ജുമാ ദിവസം പള്ളികളിൽ കഴിയുന്നവരൊക്കെ മുകളിലത്തെ നില ഉപയോഗിക്കൂ. ജനബാഹുല്യം ഒഴിവാക്കാനും നിശ്ചിത അകലം പാലിക്കാനും ഇത് സഹായകമാവും.
സൂക്ഷിക്കുക ഇനി നിങ്ങളുടെ കയ്യിലാണ് കൊറോണ സുരക്ഷ നിലകൊള്ളുന്നത്. സർക്കാർ നിർദേശങ്ങളും ജാഗ്രത അറിയിപ്പുകളും അക്ഷരം പ്രതി പാലിക്കുക.
മറ്റുള്ളവർ പാലിക്കുന്നുവെന്നു ഉറപ്പു വരുത്തുക. കാരണം കൊറോണ ഒരു കാട്ടുതീയാണ്. ഇപ്പൊ നമുക്ക് ഈ തീ അണയ്ക്കാൻ എളുപ്പമാണ്. അലസമനോഭാവം കാണിച്ചാൽ ഈ തീ പടർന്നു പിടിക്കും.
നമുക്ക് അണയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. നമുക്ക് ഒന്നുകൂടി ജാഗരൂകരാകാം…അഭ്യർഥന നിറഞ്ഞ ഖാസിയുടെ നിർദേശങ്ങൾ നിരവധിപേരാണ് വാട്സാപ്പിലും ഫേസ്ബുക്കിലും പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത് റിക്കാർഡ് ചെയ്തത്. മഹൽ സെക്രട്ടറി എഞ്ചിനീയർ അബ്ദുറഹിമാൻ ഹാജി, കരീം മുസ്ലിയാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.