സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജീവനക്കാര്‍ നിരീക്ഷണത്തിലേക്ക്. ഇതോടെ ഇവിടെ ചികിത്സയ്ക്കെത്തിയവരും കൂട്ടിരിപ്പുകാരുമായ ആയിരക്കണക്കിന് രോഗികള്‍ ആശങ്കയിലായി.
ജില്ലാ ആശുപത്രിയിലെ സ്രവ പരിശോധനാവിഭാഗത്തിലെ ഒരു ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർക്കാണ് ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന ജില്ലാ ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ അടക്കമുള്ള ജീവനക്കാരും നിരീക്ഷണത്തിലായി. സൂപ്രണ്ട്, ആര്‍എംഒ എന്നിവരടക്കം വീട്ടിലാണ് ഇന്നലെ ഉച്ചയോടെ നിരീക്ഷണത്തിലായത്.
നേരത്തെ ചിറക്കല്‍ സ്വദേശിനിയായ ഗ്രേഡ് 2 ജീവനക്കാരിക്കാണ് ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ക്കിടയില്‍ ആദ്യം രോഗബാധയുണ്ടായത്. ഇവരുടെ പരിശോധനാഫലം ഇപ്പോള്‍ നെഗറ്റീവായിട്ടുണ്ട്.
ഇതിനിടെ ഇന്നലെ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത അയ്യന്‍കുന്ന് സ്വദേശിനി അടുത്തനാളില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.
സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്കു രോഗബാധയുണ്ടായത്. ഇവർക്കു രോഗം പിടിപെട്ടത് ജില്ലാ ആശുപത്രിയില്‍ നിന്നാണെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.
ധര്‍മടത്തെ വീട്ടമ്മയായ അറുപത്തിരണ്ടുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചത് തലശേരി മേഖലയെ ഏറെ ആശങ്കയിലാക്കുന്നതിനൊപ്പമാണ് ജില്ലാ ആശുപത്രി ജീവനക്കാര്‍ക്കിടയിലുള്ള രോഗബാധ കണ്ണൂരിനെയാകെ ആശങ്കയിലാക്കിയത്.
ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും നിരവധി ജീവനക്കാര്‍ നിരീക്ഷണത്തിലാകുകയും ചെയ്തതോടെ ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി നിലനിര്‍ത്തി ഒപി അടക്കമുള്ള ചികിത്സാസംവിധാനങ്ങള്‍ മറ്റൊരിടത്തേയ്ക്കു മാറ്റാനുള്ള നീക്കം നടക്കുന്നതായി സൂചനയുണ്ട്.
വിവിധ ചികിത്സകൾക്കായി നൂറുകണക്കിന് രോഗികള്‍ പ്രതിദിനം ചികിത്സയ്ക്കെത്തുന്ന ജില്ലാ ആശുപത്രികളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടം വരുത്തുമെന്ന തിരിച്ചറിവാണ് ഒപി ഉള്‍പ്പെടെയുള്ള സംവിധാനം മാറ്റാനുള്ള ആലോചയ്ക്കു പിന്നിലെന്നറിയുന്നു.