കാസര്‍ഗോഡ്: ഒറ്റ ദിവസം ആറ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കൂടുതല്‍ പേര് ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് നീങ്ങുകയും ചെയ്തതോടെ കാസര്‍ഗോഡ് ജില്ല ശനിയാഴ്ച തന്നെ കര്‍ഫ്യൂവിന് സമാനമായ അന്തരീക്ഷത്തില്‍.
രാവിലെ 11 മുതല്‍ മാത്രം കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും പല കടകളും തുറന്നിട്ടില്ല. പൊതുഗതാഗത സംവിധാനങ്ങളും ഏറെക്കുറെ നിലച്ചു.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കുഡ് ലു സ്വദേശിയായ 47 കാരനെതിരേ പോലീസ് കേസെടുത്തു. കരുതിക്കൂട്ടി നിയന്ത്രണങ്ങള്‍ ലംഘിച്ച് രോഗം പടര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്.
രോഗമുണ്ടെന്ന് ഏറെക്കുറെ മനസിലായിട്ടും തികച്ചും വിചിത്രമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇയാളുടെ യാത്രാവഴികള്‍ തീര്‍ത്തും ദുരൂഹമാണെന്നും ഇയാള്‍ പലതും മറച്ചുവയ്ക്കുന്നതായാണ് മനസിലാക്കുന്നതെന്നും കളക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു.
നാട്ടിലെത്തിയ ഉടന്‍ ഇയാല്‍ മംഗളൂരുവിലെത്തി രക്തപരിശോധന നടത്തിയതായി അവിടെ നിന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇക്കാര്യം ഇവിടെയുള്ള ആശുപത്രികളില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് വിവാഹച്ചടങ്ങിലും കുഞ്ഞിന്റെ തൊട്ടില്തൂക്കലിലും ഫുട്ബോള്‍ മാച്ചിലുമടക്കം സജീവമായി പങ്കെടുക്കുകയും ചെയ്തു.
വിവാഹച്ചടങ്ങില്‍ വച്ച് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയുമായും വീടിനടുത്തുവച്ച് എം.സി. കമറുദ്ദീന് എംഎല്‍എയുമായും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും സെല്‍ഫിയെടുക്കുകയും ചെയ്തിരുന്നു.
കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് 12 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. കാസർഗോഡ് കർശനമായ നിയന്ത്രണങ്ങളാണ് ഇന്നു മുതൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കാസർഗോഡ് ജില്ലയിൽ ആറു പേർക്കും എറണാകുളത്ത് അഞ്ച് വിദേശികൾക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ദുബായിയിൽ നിന്നു നേരത്തെ എത്തിയ വൈറസ് ബാധ സ്ഥിരീരിച്ച ആളിൽ നിന്നുമാണ് കാസർഗോഡ് ജില്ലിയലെ മറ്റുള്ളവരിലേക്ക് വൈറസ് പകർന്നത്.
കാസർഗോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങൾ രണ്ടാഴ്ചയും അടച്ചിടും. കടകളുടെയും ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെയും പ്രവർത്തനസമയം രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാക്കി.
അതിർത്തികളിൽ പരിശോധന കർശനമാക്കി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ് ഇന്നു പുറത്തിറക്കും. ഉത്സവത്തിനായി 28 ന് നട തുറക്കുന്ന ശബരിമല ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. ആചാരപരമായ ചടങ്ങുകൾ മാത്രം നടക്കും.
പമ്പയിൽ നടക്കുന്ന ആറാട്ടിലും ഭക്തരെ പങ്കെടുപ്പിക്കില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം, ചോറൂണ്, ഉദയാസ്തമയപൂജ എന്നിവ ഉണ്ടാകില്ല.
പാലക്കാട് ജില്ലയിൽ ആദ്യമായാണ് വൈറസ് ബാധ കണ്ടെത്തിയത്. യുകെയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി ഇപ്പോൽ കളമശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
വിവിധ ജില്ലകളിലായി 44,390 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 44,165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലുമാണ്. 56 പേരെ ഇന്നലെ ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5,570 പേർക്ക് രോഗബാധയില്ലെന്നു കണ്ട് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ ഉള്ള 3,436 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ , സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
സംസ്ഥാനത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. ഇതിൽ മൂന്നു പേർ നേരത്തെ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.