തിരുവനന്തപുരം: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്തെ പൊതുപരിപാടികൾ എല്ലാം നിയന്ത്രിക്കും. സന്നദ്ധ സംഘടനകൾക്കും മതവിഭാഗങ്ങൾക്കും ഇത്തരം നിർദ്ദേശം നൽകും.
ആംഗനവാടി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും അവധി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി.
ഈ പരീക്ഷകൾ ഇനി നടത്തില്ല. എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. മദ്രസകളും ട്യൂഷൻ സെന്ററുകളും മാർച്ച് മാസം അവസാനം വരെ അടച്ചിടണമെന്നാണ് സർക്കാർ നിർദ്ദേശം.
മാർച്ച് മാസം മുഴുവൻ ഇത്തരമൊരു നിയന്ത്രണം തുടരാമെന്നാണ് പ്രത്യേക മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആറു പേർക്കു കൂടി കോവിഡ് 19; രോഗബാധിതർ 12
പത്തനംതിട്ട: സംസ്ഥാനത്ത് ആറു പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള രണ്ടു പേർക്കാണ് പത്തനംതിട്ടയിൽ രോഗബാധ കണ്ടെത്തിയത്. ഇവർ കോഴഞ്ചേരിയിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.
പത്തനംതിട്ട ജില്ലയിൽ മാത്രം രോഗബാധ സംശയിച്ച് 19 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ശ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ കുടുംബവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് രണ്ടു പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചത്.
അതിനിടെ കോവിഡ് 19 രോഗവും ചികിത്സയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട കളക്ടർ പി.വി.നൂഹ് മുന്നറിയിപ്പ് നൽകി.
നാല് സന്ദേശങ്ങൾ ഇതുവരെ സൈബർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.