കോവിഡിൽ പ്രാദേശിക സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ കേരളം പൊട്ടിത്തെറിയുടെ വക്കിൽ. അതീവജാഗ്രത പാലിച്ചില്ലെങ്കിൽ ഏതു നിമിഷവും കൈവിട്ടുപോകാവുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ.
സുരക്ഷിതത്വവും അപകടവും തമ്മിലുള്ള അകലം ഇപ്പോൾ വളരെ നേർത്തതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗം പതിയെപ്പതിയെ കൂടി വരുന്നതും മാലപ്പടക്കത്തിനു തീപിടിക്കുന്നതുപോലെ വർധിക്കുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ട്.
ഇതുവരെ കേരളത്തിൽ രോഗം പതിയെപ്പതിയെ വർധിക്കുകയായിരുന്നു ചെയ്തിരുന്നത്. അതിവേഗം രോഗം വർധിക്കാതിരിക്കാനാണ് നാം പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നതും. അത് ഒരു പരിധിവരെ ഫലപ്രദവുമായിരുന്നു.
പതിയെപ്പതിയെ രോഗം വർധിച്ചുവന്നാൽ എല്ലാവർക്കും തന്നെ ഫലപ്രദമായ ആശുപത്രി ചികിത്സ ഉറപ്പാക്കാൻ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. രോഗികളെ എല്ലാവരെയും ആശുപത്രിയിലേക്കു മാറ്റാനും ചികിത്സ ഉറപ്പാക്കാനും ഇതുവരെ സംസ്ഥാനത്തിനു കഴിഞ്ഞിരുന്നു.
ആളുകളുടെ റൂട്ട് മാപ്പ് തയാറാക്കാനും പ്രാഥമിക സന്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുമൊക്കെ സാവകാശവും അവസരം ഈ ഘട്ടത്തിലുണ്ട്. രോഗസാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്താനും ഇതു സഹായിക്കുമായിരുന്നു.
സമൂഹവ്യാപനം വന്നാൽ
എന്നാൽ, ഇപ്പോൾ സംഭവിച്ച സമൂഹവ്യാപനം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചാൽ ഈ പ്രതിരോധ സംവിധാനം തകരും. രോഗികളുടെ ഒരു ദിവസം തന്നെ രോഗികളുടെ എണ്ണം കുതിച്ചുയരും.
ഇപ്പോൾ ദിവസം ശരാശരി അന്പതിനു താഴെ നിൽക്കുന്ന ജില്ലകളിലും മൂന്നക്കം കടന്നു രോഗം പെരുകിയാൽ റൂട്ട് മാപ്പ് തയാറാക്കുന്നതും സന്പർക്കപ്പട്ടിക തയാറാക്കുമെന്നതുമെല്ലാം ദുഷ്കരമായി മാറും. പലപ്പോഴും ഇതു ആസാധ്യമായിത്തന്നെ മാറും.
ഇതോടെ രോഗസാധ്യതയുള്ളവരെ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്നതും നിരീക്ഷണത്തിലാക്കുന്നതുമായ സംവിധാനവും തകിടംമറിയും. അതോടെ രോഗം കൂടുതൽ പിടിമുറുക്കും.
കൂടുതൽ പേർ ഒരേസമയം രോഗബാധിതരായാൽ ആശുപത്രികളിൽ ഇടമില്ലാതെ വരും. ഇപ്പോൾ തയാറാക്കിക്കൊണ്ടിരിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് രോഗികളെ പ്രവേശിപ്പിക്കും. സമൂഹവ്യാപനം സംഭവിച്ചാൽ അവിടെയും നിൽക്കില്ല കാര്യങ്ങൾ.
അതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാത്ത രോഗികളെ വീടുകളിൽത്തന്നെ പാർപ്പിക്കേണ്ടി വരും. എല്ലാവർക്കും നല്ല ചികിത്സയും പരിചരണം ഉറപ്പാക്കാൻ ആരോഗ്യസംവിധാനങ്ങൾ ക്ലേശിക്കും. ഇപ്പോൾത്തന്നെ ആരോഗ്യപ്രവർത്തകർ പോലും രോഗബാധിതരായി മാറുന്ന സാഹചര്യങ്ങൾ പ്രശ്നം വഷളാക്കും.
രോഗികളെ വീടുകളിൽത്തന്നെ നിരീക്ഷിക്കുന്പോൾ ആ വീട്ടിൽ രോഗം ബാധിക്കാത്ത മറ്റുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റേണ്ടി വരും. പ്രത്യേകിച്ചു പ്രായമായവരെയും കുട്ടികളെയും.
വയോധിക മന്ദിരങ്ങളിലും മറ്റും അതീവ ജാഗ്രത വേണ്ടി വരും. പുറത്തുനിന്നുള്ള എല്ലാവിധ സന്പർക്കങ്ങളും ഒഴിവാക്കണം. ഒാഗസ്റ്റോടെ സംസ്ഥാനത്തെ ജില്ലകളിൽ അയ്യായിരത്തോളം രോഗികളെ വരെ ഉണ്ടാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും മറ്റും തയാറാക്കുന്നത്.
പഞ്ചായത്ത് അടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ തയാറാക്കുന്നതും ഇതു മുന്നിൽ കണ്ടാണ്. എന്നാൽ, ഇപ്പോൾ പ്രാദേശികമായി ഉണ്ടായിരിക്കുന്ന സമൂഹവ്യാപനം മുന്നിൽ കണ്ടു ജാഗ്രത പാലിച്ചില്ലെങ്കിൽ ഒാഗസ്റ്റിനു മുന്പു തന്നെ രോഗം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്.
എനിക്കു രോഗം വരില്ല!
എനിക്കു രോഗം വരില്ല, ഞാൻ ഇടപെടുന്നിടങ്ങളിൽ രോഗമില്ല എന്ന മുൻവിധിയോടെയാണ് പലരുടെയും പെരുമാറ്റവും ഇടപെടലുകളും. അതു തന്നെയാണ് പലേടങ്ങളിലും സ്ഥിതി കൈവിട്ടുപോകാൻ ഇടയാകുന്നത്. അതുകൊണ്ടു തന്നെ അതീവജാഗ്രത വേണ്ട ദിനങ്ങളാണ് നമുക്കു മുന്നിലുള്ളതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമൂഹവ്യാപനമുണ്ടായാൽ അതീവ ജനസാന്ദ്രതയുള്ള സംസ്ഥാനം എന്ന നിലയിൽ വിദേശത്തു സംഭവിച്ചതുപോലെയുള്ള കാഴ്ചകൾക്ക് നമ്മുടെ കേരളവും ഇരയായി മാറിയേക്കാമെന്ന ആശങ്കയും ആരോഗ്യവിദഗ്ധർക്ക് ഉണ്ട്. മരണസംഖ്യയിൽ വർധന ഉണ്ടാൽ സംസ്കാരം നടത്തുന്നതുപോലെയുള്ള കാര്യങ്ങളും വെല്ലുവിളിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.