തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേർക്കുകൂടി ഇന്നലെ കോവിഡ് -19 സ്ഥിരീകരിച്ചതോടെ രോഗവുമായി സംസ്ഥാനം നേർക്കുനേർ പോരാട്ടം നടത്തേണ്ട സാഹചര്യമൊരുങ്ങി.
സംസ്ഥാനത്തു കോവിഡ് ബാധിച്ചവരുടെ എണ്ണം 52 ആയതോടെ അതീവഗൗരവത്തോടെ സമീപിക്കേണ്ട സമയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാ സന്നാഹങ്ങളോടെയുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു.
കാസർഗോട്ട് ആറ് പേർക്കും കണ്ണൂരിലും എറണാകുളത്തും മൂന്നു പേർക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ഗൾഫിൽനിന്നു നാട്ടിലെത്തിയവരാണ്. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 53 ,013 പേരാണ്.
228 പേർ ആശുപത്രി നിരീക്ഷണത്തിലാണ്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് 70 പേരാണ്. ഇതുവരെ 3716 സാന്പിളുകൾ പരിശോധിച്ചതിൽ 2566 എണ്ണം നെഗറ്റീവ്.
വിട്ടുവീഴ്ചയില്ല
നിർദേശം പാലിക്കാത്തവർക്കെതിരേ കർശന നടപടി വരും. ഇനിയും അനുസരിക്കാതെ വന്നാൽ സർക്കാർ നിരോധനാ ജ്ഞ പുറപ്പെടുവിക്കാൻ നിർബന്ധിതമാകും. കാസർഗോട്ട് ഉണ്ടായതു നിരുത്തരവാദത്തിന്റെ ദൃഷ്ടാന്തമാണ്.
ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറാവില്ല. കാസർഗോട്ട് കോവിഡ് ബാധിച്ച വ്യക്തിയുടെ ഭാഗിക റൂട്ട് മാപ്പ് തയാറാക്കി. ഇയാൾ പൂർണമായ വിവരങ്ങൾ നല്കുന്നില്ല. ദുരൂഹത നിലനില്ക്കുന്നു.
രോഗം ബാധിച്ചവരിൽ കൂടുതൽ അംഗങ്ങളുള്ള വീട്ടിലുള്ളവർ നിരീക്ഷണത്തിനു പ്രത്യേക കേന്ദ്രങ്ങളിലേക്കു മാറ്റും. കോവിഡ് പരിശോധിക്കുന്ന ലാബുകളിൽ കൂടുതൽ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തും. ആളുകൾ ദീർഘദൂര യാത്രകൾ ബസുകളിൽ നടത്തുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തമിഴ്നാട് അതിർത്തിയിൽ ചരക്കു വാഹനങ്ങൾ തടഞ്ഞിരുന്നു. എന്നാൽ, ഇന്നലെ ചീഫ് സെക്രട്ടറി തലത്തിൽ നടത്തിയ സംഭാഷണത്തിൽ ചരക്കുവാഹനങ്ങൾ തടയില്ലെന്ന ഉറപ്പ് ലഭിച്ചു. അവശ്യസാധനങ്ങളുടെ കാര്യത്തിൽ ആർക്കും ഒരു ആശങ്കയും വേണ്ട. വ്യാപാരി വ്യവസായികളുടെ യോഗം നാളെ വിളിച്ചിട്ടുണ്ട്.
മത്സ്യലേലം നിർത്തും
ഹാർബറുകളിൽ ആൾക്കൂട്ടം ഒഴിവാക്കാനായി മത്സ്യലേലം നിർത്തിവയ്ക്കും. കഴിഞ്ഞ ആഴ്ചകളിലെ വിലയുടെ ശരാശരി നോക്കി വില ഈടാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. മലേഷ്യയിൽ കുടുങ്ങിയ 250 ഓളം വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്കുകളിലെ നാലു ശതമാനം പലിശയ്ക്കുള്ള സ്വർണപ്പണയ വായ്പ പുതുക്കാനും തിരിച്ചെടുക്കാനും ജൂണ് വരെ സമയം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എസ്എൽബിസി തീരുമാനം ഉടൻ ഉണ്ടാകുമെന്നുമാണ് വിശ്വാസമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയത്ത് ഒരാളുടെ ഫലംകൂടി നെഗറ്റീവ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധന ഫലംകൂടി നെഗറ്റീവ്.
വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കൊറോണ ലക്ഷണമുണ്ടായതിനെത്തുടർന്നുകോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രോഗിയുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെഗറ്റീവായിരിക്കുന്നത്.
നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ കൊറോണ ബാധിച്ചു നാലു പേരും ഐസൊലേഷൻ വാർഡിൽ അഞ്ചു പേരുമാണുള്ളത്. ഗൈനക്കോളജി വിഭാഗത്തിലും രണ്ടുപേർ നിരീക്ഷണത്തിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ജ്വല്ലറികൾ 25 വരെ അടച്ചിടും
കൊച്ചി: കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ സ്വർണവ്യാപാര സ്ഥാപനങ്ങൾ 25 വരെ അടച്ചിടാൻ തീരുമാനിച്ചതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.