പരിയാരം: കോവിഡ്-19 വൈറസ് ബാധിതനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും രോഗമില്ലെന്ന് പരിശോധനാ ഫലം.
പരിശോധനയ്ക്ക് അയച്ച ഇവരുടെ സാന്പിളുകളുടെ ഫലം ഇന്നലെയാണ് ലഭിച്ചത്. മകന്റെ പരിശോധനാ ഫലം ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ഇന്നലെയുണ്ടായിരുന്ന 24 പേരിൽ നേരത്തെ ഫലം നെഗറ്റീവായിരുന്ന ഏഴ് പേരെ ഡിസ്ചാർജ് ചെയ്തു. ഇവരോട് രണ്ടാഴ്ചക്കാലം വീടുകളിൽത്തന്നെ കഴിയാൻ നിർദേശിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
പുതുതായി ആറ് പേരെക്കൂടി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവർ ഉൾപ്പെടെ 23 പേരാണ് നിരീക്ഷണത്തിലുള്ളത്.
അതേ സമയം എ കാറ്റഗറിയിൽ പെടുന്ന കൊറോണ രോഗികൾക്ക് ഇനി പരിശോധനകൾ നടത്തുകയില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം ആരംഭിച്ച വൈറോളജി ലാബ് അധികൃതർ അറിയിച്ചിട്ടുണ്ട്.
എ കാറ്റഗറിയിൽ പെടുന്നവർ വീടുകളിൽ തന്നെ ഐസോലേഷനിൽ കഴിയാനാണ് നിർദേശം. വിദേശത്തുനിന്ന് എത്തുന്ന എല്ലാവർക്കും കൊറോണ പരിശോധന നടത്തേണ്ടതില്ലെന്നും ഇതിനാവശ്യമായ പരിശോധനാ കിറ്റ് ലഭ്യമാക്കുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – ഐസിഎംആർ- അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറെ ചെലവ് വരുന്ന പരിശോധന അനാവശ്യമായി നടത്തേണ്ടതില്ല. ബി, സി കാറ്റഗറി രോഗികൾക്ക് മാത്രമേ ടെസ്റ്റ് നടത്തേണ്ടതുള്ളുവെന്നുമാണ് വിദഗ്ധർ പറയുന്നത്.
ശനിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെരിങ്ങോം സ്വദേശിയെ പരിശോധിച്ച ഡോക്ടറുടെ ക്ലിനിക്കൽ ലാബ് പരിശോധനാ ഫലം പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് ഐസിഎംആർ നിർദേശമുള്ള വിവരം ലാബ് അധികൃതർ അറിയിച്ചതെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു.
ചികിത്സിച്ച ഡോക്ടറും “രക്ഷപ്പെട്ടു’
പരിയാരം:പരിയാരത്തെ കൊ റോണ ബാധിതനെ ആദ്യം ചികിൽസിച്ച മാത്തിലിലെ ഡോക്ടർക്ക് രോഗബാധയില്ലെന്ന് തെളിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള ഇത് സംബന്ധിച്ച ലാബ് റിപ്പോർട്ട് ഇന്നലെ രാത്രി എട്ടോടെയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ലഭിച്ചത്. ഇദ്ദേഹത്തെ ഇന്നലെ രാത്രി ഡിസ്ചാർജ് ചെയ്തു.
കൊറോണ ബാധിതനെ ആദ്യം ചികിത്സിച്ചയാളെന്ന നിലയിൽ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ കൊറോണ സ്പെഷൽ വാർഡിൽ പ്രവേശിപ്പിച്ചത്.
പെട്ടെന്ന് റിസൾട്ട് ലഭിക്കുന്നതിന് ഡോക്ടറുടെ രക്തവും ശരീരശ്രവങ്ങളും അടിയന്തരമായി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.