സ്വന്തം ലേഖകൻ
തൃശൂർ: പുതുതായി രോഗബാധ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം. ഫ്രാൻസിൽനിന്നു വന്ന യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
യുവതിയുടെ ഭർത്താവും വീട്ടുകാരും നിരീക്ഷണത്തിലാണ്. യുവതി കൂടുതൽപേരുമായി ഇടപഴകിയിട്ടില്ലെന്നതിനാൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഫ്രാൻസിൽനിന്നു ഭർത്താവുമൊത്ത് ഇവർ ഈ മാസം 17നാണ് തൃശൂരിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഇവർക്ക് പനിവരികയും തുടർന്ന് കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ലാബ് ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ഇവർ ഹൗസ് ക്വാറന്റൈനിൽ വീടിന്റെ മുകൾ നിലയിൽ കഴിയുകയായിരുന്നു. വീട്ടിലെ മറ്റുള്ളവരുമായി ഇവർ കാര്യമായി ഇടപഴകിയിരുന്നില്ല. പ്രായമായവരും വീട്ടിലുണ്ട്. എങ്കിലും ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
വീട്ടുകാർ അടുത്തിടെ സന്ദർശിച്ച മൂന്നു സ്ഥാപനങ്ങൾ കണ്ടെത്തി ആരോഗ്യവകുപ്പ് ഇത് അടപ്പിച്ചിട്ടുണ്ട്. ദന്പതികൾ പുറത്ത് മറ്റെവിടെയും പോയിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ രോഗബാധിതയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്നാണ് സൂചന.
യുവതി വന്ന വിമാനത്തിലെ 11 പേർ നിരീക്ഷണത്തിൽ
തൃശൂർ: തൃശൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ച യുവതി ഫ്രാൻസിൽനിന്നു വന്ന വിമാനത്തിലുണ്ടായിരുന്ന 11 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. യുവതിയുമായി അടുത്തിടപഴകിയവരാണ് നിരീക്ഷണത്തിലുള്ളത്. രണ്ടുപേർ തൃശൂരിലും ബാക്കിയുള്ളവർ ഇതര ജില്ലക്കാരുമാണ്.
നെടുന്പാശേരിയിൽനിന്ന് ആംബുലൻസിൽ നേരെ തൃശൂരിലെ വീട്ടിലെത്തിയ യുവതിയും ഭർത്താവും ഹൗസ് ക്വാറന്റൈനിൽ കഴിയുകയും പനി വന്നപ്പോൾ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് മാറുകയും ചെയ്തതുകൊണ്ട് രോഗം പടരാനുള്ള സാധ്യത വളരെ കുറച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.