കോഴിക്കോട്: സമ്പര്‍ക്ക വ്യാപനം വഴി കോവിഡ് കേസുകള്‍ കൂടുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ ആശങ്കയുളവാക്കുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാരടക്കം ഇന്നലെ നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
ത്രിതല കാന്‍സര്‍ സെന്ററിലെ രണ്ടുഡോക്ടര്‍മാര്‍ക്കും നഴ്സിനും ഫാര്‍മസിസ്റ്റുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ത്രിതല കാന്‍സര്‍ സെന്ററിലെ നാലു ആരോഗ്യപ്രവര്‍ത്തകര്‍ പോസിറ്റീവായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ തുടര്‍ നടപടികളെ സംബന്ധിച്ച് തീരുമാനിക്കും.
മെഡിക്കല്‍കോളജ് ആശുപത്രിയില്‍ 339 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്ത്തിലായ 88 പേരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.
മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 64-ഓളം ആരോഗ്യപ്രവര്‍ത്തകരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇതില്‍ കൂടുതലും ഡോക്ടര്‍മാരാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷാ മുന്‍ കരുതലോടെയാണ് കോവിഡ് വാര്‍ഡുകളില്‍ ഡ്യൂട്ടിചെയ്യുന്നത്. എന്നാല്‍ , കോവിഡിതര വാര്‍ഡുകളില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല.
ഒരു അസിസ്റ്റന്റ് പ്രഫസര്‍, മൂന്ന് ജൂണിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, രണ്ട് ഹൗസ് സര്ജന്മാര്, നാല് സ്റ്റാഫ് നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റന്റ്, ഗ്രേഡ് രണ്ട് , സെക്യൂരിറ്റി ജീവനക്കാരന്, ഫാര്‍മസിസ്റ്റ് ഒന്നുവീതം എന്നിങ്ങനെ 14 പേരാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. അതേസമയം, മൂന്ന്, നാല്, 36, കാര്‍ഡിയോളജി, നെഫ്രോളജി എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് മേഖലയാക്കി മാറ്റി.
ഇവിടെ നിലവിലുള്ള രോഗികള്‍ മുഴുവന്‍ ഡിസ്ചാര്‍ജ് ആവുന്നതനുസരിച്ച് വാര്‍ഡുകള്‍ അണുവിമുക്തമാക്കിയശേഷം വീണ്ടും രോഗികളെ പ്രവേശിപ്പിക്കും.
മെഡിസിന് വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വാര്‍ഡുമായി ബന്ധപ്പെട്ടവര്‍ പഞ്ചായത്ത് കോവിഡ് കണ്‍ട്രോള്‍റൂമിലോ, ആരോഗ്യപ്രവര്‍ത്തകരെയോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മെഡിസിന് വാര്‍ഡ് മൂന്ന്, നാല്, 36 എന്നിവയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍, കൂട്ടിരിപ്പുകാര്‍, സന്ദര്‍ശകര്‍, വാര്‍ഡുകളില്‍ ജോലിചെയ്തിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. കോവിഡ് രോഗലക്ഷണമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2371471
പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ കോവിഡ്-19 വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളെ കണ്ടെയ്ന്മെന്റ് സോണാക്കി കളക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. ചോറോട് പഞ്ചായത്തിലെ രയരങ്ങോത്ത് (ഒന്ന്), കടലുണ്ടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പ്പറേഷനിലെ മുണ്ടിക്കല്‍ താഴം (18), നല്ലളം (42), കപ്പക്കല്‍ (54) വാര്‍ഡുകളും മുക്കം മുനിസിപ്പാലിറ്റിയിലെ (17) വാര്‍ഡും പയ്യോളി മുനിസിപ്പാലിറ്റിയിലെ നെല്ലേരി മാണിക്കോത്ത് കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മുക്കിലങ്ങാടി (13), ചേളന്നൂര്‍ പഞ്ചായത്തിലെ കുമാരസ്വാമി (13) എന്നീ സ്ഥലങ്ങളാണ് കണ്ടെയ്ന്മെന്റ് സോണാക്കിയത് .