കോഴിക്കോട്: കേരളത്തില്‍ പത്തനംതിട്ടയിലും എറണാകുളത്തും വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് ബാധിതരാജ്യങ്ങളില്‍ നിന്ന് എത്തിയവരുടെ വീടുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.
കൊവിഡ് ബാധിതരാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും ആരോഗ്യവകുപ്പുദ്യോഗസ്ഥരെ അറിയിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായും അറിയിച്ചു.
ജില്ലയില്‍ പുതുതായി 26 പേര് ഉള്‍പ്പെടെ ആകെ 86 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ ആറുപേര്‍ ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലാണ്. നാലുപേര്‍ ബീച്ച് ആശുപത്രിയിലും രണ്ട് പേര് മെഡിക്കല്‍ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഒരാളെ ഡിസ്ചാര്ജ്ചെയ്യുകയും ബീച്ച് ആശുപത്രിയില്‍ രണ്ടുപേരെ പുതുതായി പ്രവേശിപ്പിക്കുകയും ചെയ്തു. പുതുതായി മൂന്ന് സ്രവ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ ലഭിച്ച രണ്ട് സാംപിളുകളുടെ ഫലവും നെഗറ്റീവ് ആണ്. ഇതോടെ 41 സ്രവ പരിശോധന ഫലവും നെഗറ്റീവാണ്. ഇനി അഞ്ച് സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.
തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ അവലോകന യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ ഡിഎംഒ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സൂം വീഡിയോ കോണ്‍ഫറന്‍സിലുടെ ബ്ലോക്ക്തല സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കൂടാതെ ഇതര വകുപ്പ് മേധാവികളുടെ യോഗം ജില്ലാമെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വിളിച്ച് ചേര്‍ക്കുകയും ഓരോ വകുപ്പും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുകയും ചെയ്തു.
സ്ഥാപനതലത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ ജില്ലാ, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാരുമായും ചര്‍ച്ച ചെയ്തു.
പൊതുജനാരോഗ്യപ്രശ്നം എന്ന നിലയില്‍ പൊതുജനങ്ങള്‍ ആരോഗ്യവകുപ്പുമായി പരിപൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലാ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് സെല്ലില്‍ വിശദ വിവരങ്ങള്‍ ലഭിക്കും. 0495 2371471, 0471 2552056,1056 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, രോഗലക്ഷണമുള്ളവര്‍ മാസ്ക് ഉപയോഗിക്കുക, രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരും രോഗലക്ഷണങ്ങളുള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, സമ്മേളനങ്ങളും പൊതുപരിപാടികളും ആളുകള്‍ കൂട്ടം കൂടുന്നതും പരമാവധി ഒഴിവാക്കുക എന്നീ മുന്‍കരുതലുകള്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സ്വീകരിക്കണമെന്നും അറിയിച്ചു.