ബെയ്ജിംഗ്: കൊറോണ വൈറസ് രോഗത്തെത്തുടർന്നു ചൈനയിൽ മരണമടഞ്ഞവരുടെ എണ്ണം 170 ആയി ഉയർന്നു. ബുധനാഴ്ച മാത്രം 38 പേരാണ് മരണത്തിനു കീഴടങ്ങിയത്. 7,771 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
12,167 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ മരണമടഞ്ഞവരുടെയും വൈറസ് ബാധിതരുടെയും യഥാർഥ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ലെന്നാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വൈറസ് ബാധയെ നേരിടാൻ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്പോഴും വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
124 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 17 രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
ഇതിനിടെ, ബ്രിട്ടീഷ് എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, കാത്തേ പസഫിക്, ലയണ് എയർ എന്നീ അന്താരാഷ്ട്ര വിമാനസർവീസ് കന്പനികൾ ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
മറ്റു ചില വിദേശ വിമാനക്കന്പനികളും സർവീസ് റദ്ദാക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം.അമേരിക്കയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയിൽനിന്നു തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി.
വൈറസ് ബാധ ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട വുഹാൻ ഉൾപ്പെടെ ചൈനയിലെ 17 നഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഈ നഗരങ്ങളിലായി അഞ്ചുകോടിയോളം ജനങ്ങളുണ്ട്.
ഹോങ്കോംഗിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൈനയിൽനിന്നുള്ള യാത്രികരെ മുഴുവൻ സ്ക്രീൻ ചെയ്യാൻ ലോകത്തിലെ വിവിധ വിമാനത്താവളങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെ ഗൂഗിൾ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോങ്കോങിലേയും തായ്വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. മക് ഡൊണാൾഡിന്റേതടക്കമുള്ള നിരവധി റസ്റ്ററന്റുകളും ഇതിനോടകം അടച്ചു.
ചൈനയ്ക്കു പുറമേ ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, യുഎസ്, ജർമനി ,ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ടു ചെയ്തു.
വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സൈന്യത്തോട് രംഗത്തിറങ്ങാൻ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻ പിംഗ് നിർദ്ദേശം നൽകി. വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യാൻ ഷി സൈന്യത്തോട് ആവശ്യപ്പെട്ടു.