പാലാ: കൊറോണ രോഗലക്ഷണങ്ങളുമായി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ആൾ ചികിത്സയ്ക്ക് കാത്തുനിൽക്കാതെ ആശുപത്രിയിൽനിന്നു മുങ്ങി.
സൗദിയിൽ നിന്നെത്തിയ കുമളി സ്വദേശിയാണ് ചാടിപ്പോയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11നാണു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജലദോഷവും ചുമയുമടക്കം രോഗങ്ങളോടെ ഇയാൾ ചികിത്സ തേടിയെത്തിയത്.
കൊറോണ രോഗലക്ഷണമുള്ളതിനാൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലേക്കു മാറ്റിയ ഇയാൾ രാത്രിയിൽത്തന്നെ അവിടെനിന്നു സ്ഥലം വിടുകയായിരുന്നെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
ഭാര്യയോടൊപ്പമാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ ഇയാളെ അവിടെനിന്ന് വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളജിലേക്കു വിട്ടതാണ്.
കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിയത്. ആരോഗ്യ വകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ഇതു സംബന്ധിച്ച് വിവരം അറിയിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ഇയാൾ നൽകിയ മേൽവിലാസം ശരിയാണോയെന്നും സംശയമുയരുന്നുണ്ട്. ഇയാളെ കണ്ടെത്താൻ കളക്ടറുടെ നിർദ്ദേശ പ്രകാരം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൊറോണ രോഗം പടരുന്ന സാഹചര്യത്തിൽ സ്ഥിതി നിയന്ത്രിക്കുന്നതിന് ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്ലിനിക്കും ഐസൊലേഷൻ വാർഡും സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.