കണ്ണൂർ: കൊറോണ വൈറസ് നിരീക്ഷണത്തിന്റെ ഭാഗമായി ചൈനയിൽ നിന്ന് എത്തുന്നവർ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് കർശന നിർദേശവുമായി ആരോഗ്യവകുപ്പ്.
കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ നിന്നും എത്തിയ നിരവധിപേർ കണ്ണൂരിൽ ഇപ്പോഴും ആശുപത്രി മുന്പാകെ റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ചെയ്യാത്തവരെ കണ്ടെത്താൻ അതാത് പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടുണ്ട്.
ചൈനയിൽ നിന്നും വന്നവർ റിപ്പോർട്ട് ചെയ്യാതെ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതും വ്യാപകമായിരിക്കുകയാണ്. ഇവരുമായി സന്പർക്കം പുലർത്തുന്ന പ്രദേശവാസികളും ഭീതിയിലാണ്.
ചൈനയിൽ നിന്നും എത്തിയവർ നിർബന്ധമായും 28 ദിവസം കഴിഞ്ഞു മാത്രമേ പൊതുചടങ്ങുകളിൽ പങ്കെടുക്കാവൂയെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകി കഴിഞ്ഞു.
വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് വീടുകളിൽ നിരീക്ഷണത്തിൽ തുടരും. ഉത്സവ-കല്യാണ സീസണായതുകൊണ്ട് നിരവധിയാളുകൾ ഒന്നിച്ച് കൂടുന്നതിനാൽ പെട്ടെന്ന് വൈറസ് പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണു വീടുകളിൽ കഴിയാൻ നിർദേശിച്ചിരിക്കുന്നത്.
ഇതിനിടയിൽ വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പോലീസും രംഗത്ത് എത്തിയിട്ടുണ്ട്. എയർപോർട്ടുകൾ കേന്ദ്രീകരിച്ചാണു പ്രധാനമായും പോലീസ് പരിശോധന നടത്തുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ വിമാനം ഇറങ്ങി കേരളത്തിലേക്ക് റോഡുമാർഗം എത്തുന്നവരെ കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമം നടത്തുന്നത്.
എയർപോർട്ടിൽ പരിശോധനയ്ക്ക് വിധേയമായ യാത്രക്കാരെയും അല്ലാത്തവരെയും അവരുടെ വീടുകളിൽ നിരീക്ഷണത്തിനു കീഴിലാക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.
കണ്ണൂരിൽ 160 പേർ നിരീക്ഷണത്തിൽ
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജില്ലയിൽ 160 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ്. വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്നു നാട്ടിലെത്തിയ 15 പേർ ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
അതേസമയം ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ രക്തസാന്പിളുകളുടെ പരിശോധനാഫലം ഇനിയും വന്നിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ മുഴുവൻ സമയ കൺട്രോൾ റൂം നന്പർ: 0497 2700194, 2713477.