കൊച്ചി: കോവിഡ് 19 (കൊറോണ) ബാധയുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് മേയര്‍ സൗമിനി ജയിന് പറഞ്ഞു. ഒപ്പം കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വീടുകയറിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
രോഗലക്ഷണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രതിവിധികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കോര്പറേഷന് ആരോഗ്യവിഭാഗം നോട്ടീസുകള്‍ തയാറാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ഓരോ ഡിവിഷനിലും എത്തിക്കും.
പൊതുചടങ്ങുകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഈ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കും.
രോഗം ഭേദപ്പെടുത്തുമെന്ന പേരില്‍ തെറ്റായ പ്രതിവിധികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്കി.
മാലിന്യനിര്‍മാര്‍ജന തൊഴിലാളികള്‍ക്കും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ഉദ്യോഗസ്ഥര്‍ക്കും മാസ്കുകള്‍ നല്‍കുന്നതിന് കൊച്ചി കോര്പറേഷന് തീരുമാനിച്ചു.
മാസ്ക് വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടിയന്തരമായി ചെയ്യുന്നതിന് സെക്രട്ടറിയെയും ഹെല്‍ത്ത് സൂപ്പര്‍വൈസറെയും ചുമതലപ്പെടുത്തി.
തനത് ഫണ്ടിലെ തുക ഇതിനായി ഉപയോഗിക്കുമെന്നും മേയര്‍ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിലെ മെൻല് ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ.സൗമ്യ കൗണ്‍സിലര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി.
പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, ബെനഡിക്ട് ഫെര്‍ണാണ്ടസ്, തമ്പി സുബ്രഹ്മണ്യം, പൂര്‍ണിമ നാരായണ്‍, വി.പി. ചന്ദ്രന്, ജോണ്സണ് മാസ്റ്റര്‍, പ്രതിഭ അന്‍സാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.