കോട്ടയം: കോവിഡ് -19 ഭീതിയിൽ കോട്ടയം നഗരത്തിൽ സമസ്ഥമേഖലയും സ്തംഭിച്ചിരിക്കുന്നു. വ്യാപാര മേഖലയിലാണു വലിയ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നത്.
വ്യാപാരകേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളിലും അതീവ നിർദേശത്തിൻ കീഴിൽ കൊണ്ടുവന്നതോടെ നഗരം ഇതുവരെ കാണാത്ത സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
ഹോട്ടലുകൾ, ബേക്കറികൾ, ജിമ്മുകൾ, ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വസ്ത്ര വ്യാപര കേന്ദ്രങ്ങൾ, പ്രൈവറ്റ് ടാക്സി സംവിധാനങ്ങൾ, പച്ചക്കറി -പഴവർഗ കടകൾ, നൈറ്റ് തട്ടുകടകൾ തുടങ്ങി വിവിധ മേഖലകളിൽ വലിയ സുരക്ഷാ സജ്ജീകരണങ്ങളും നിർദേശങ്ങളുമാണ് നൽകിയിരിക്കുന്നത്.
പൊതുജനങ്ങൾ ഒത്തുകൂടാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കാനുള്ളശ്രമവും സജ്ജീകരണങ്ങളും ഭരണനേതൃത്വം നൽകിക്കഴിഞ്ഞു.
അതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഷോപ്പിംഗ് മാളുകൾക്കു നിയന്ത്രണങ്ങൾ നൽകിക്കഴിഞ്ഞു.
വൈറസ് വ്യാപനത്തിനു പ്രതിരോധം തീർക്കാനുള്ള ആരോഗ്യവകുപ്പിന്റെയും ഭരണനേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് ഇപ്പോൾ ഷോപ്പിംഗ് മാളുകളും വൻകിട വ്യാപാര സ്ഥാപനങ്ങളും കർശന നിയന്ത്രണത്തിനു കീഴിൽ കൊണ്ടുവന്നിരിക്കുന്നത്.
കോട്ടയം ബേക്കർ ജംഗ്ഷനിലുള്ളതും കെഎസ്ആർടിസിക്കു സമീപമുള്ളതുമായ ഷോപ്പിംഗ് മാളുകൾ അടച്ചിടാനുള്ള നിർദേശം നൽകിക്കഴിഞ്ഞു. സുരക്ഷാ സംവിധാനത്തോട് ജനങ്ങളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജനങ്ങൾ വീടുകളിൽ തന്നെ ഒതുങ്ങുകയും അനാവശ്യ സന്പർക്കം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. നഗരത്തിൽ വ്യാപാര കേന്ദ്രങ്ങളിലൊന്നും തന്നെ കച്ചവടം ഇല്ലെന്നു വ്യാപാരികളും പറയുന്നു. ഓട്ടോ, കാർ ടാക്സികൾക്കും ഓട്ടമില്ല.
ഗതാഗത സംവിധാനം നിയന്ത്രിച്ചതും ചരക്കു ലോറികളുടെ വരവ് കുറഞ്ഞതും ക്ഷേത്രങ്ങളുടെ ഉത്സവം മാറ്റിവച്ചതും വ്യാപാര മേഖലയ്ക്കു തിരിച്ചടിയാകുന്നുണ്ട്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിരക്ക് ഗണ്യമായി കുറഞ്ഞു
ഗാന്ധിനഗർ: കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഒപി വിഭാഗങ്ങളിൽ രോഗികളുടെയും സന്ദർശകരുടെയും തിരക്ക് വീണ്ടും ഗണ്യമായി കുറഞ്ഞു.
മെഡിസിൻ, ജനറൽ സർജറി, ഒപ്താൽമോളജി, ന്യൂറോളജി, ന്യൂറോ സർജറി, യൂറോളജി, കാർഡിയോളജി, ഓങ്കോളജി, പിഎംആർ, ഓർത്തോ, ഗൈനക്കോളജി, പകർച്ചവ്യാധി ചികിത്സാ വിഭാഗം തുടങ്ങി 23 വിഭാഗങ്ങളിലാണ് ഒപികൾ പ്രവർത്തിക്കുന്നത്.
ദിവസേന 2500 നും 3000നും ഇടയിലുള്ള രോഗികളാണ് ഒപികളിൽ പരിശോധനയ്ക്കായി എത്തിക്കൊണ്ടിരുന്നത്. ഇപ്പോൾ ശരാശരി 500-നും 800 നും ഇടയിലാണ് രോഗികൾ ഒപി വിഭാഗങ്ങളിൽ എത്തുന്നത്.
കിടപ്പുരോഗികളുടെ സഹായിയായി വാർഡുകളിൽ നില്ക്കുവാനും ഇപ്പോൾ ബന്ധുക്കളുടെ തിരക്ക് അനുഭവപ്പെടുന്നില്ല. രാവിലെ രോഗികളെ പരിശോധിക്കാനായി ഡോക്ടർമാരുടെ സംഘം എത്തുന്പോൾ ഇത്തരക്കാരെ പുറത്തിറക്കി നിർത്തേണ്ടി വന്നിരുന്നു.
ഇപ്പോൾ ഈ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടുന്നില്ലന്ന് ഡോക്ടർമാർ പറയുന്നു. രോഗി സന്ദർശനത്തിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ സന്ദർശക തിരക്കും കുറഞ്ഞു.
വൈകുന്നേരം നാലു മുതൽ ഏഴുവരെയാണ് സന്ദർശന സമയം. ഇപ്പോൾ സന്ദർശന സമയം ഒഴിവാക്കി ഏതു സമയത്തു കയറാമെങ്കിലും രോഗികളെ സന്ദർശിക്കുവാൻ അനുവദിക്കുന്നില്ല.
രോഗികൾക്ക് ഭക്ഷണവുമായി വരുന്നവരെ സുരക്ഷാ ജീവനക്കാർ തടഞ്ഞ് രോഗികൾക്കൊപ്പം നില്കുന്നവരെ വിളിച്ചു വരുത്തി ഭക്ഷണം കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതോടെ കിടപ്പു രോഗികളുടെ വാർഡുകളിലെ തിരക്കും ഒഴിവായി.
കുമരകവും സ്തംഭനാവസ്ഥയിൽ
കുമരകം: കുമരകം പഞ്ചായത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാൾ പോലുമില്ലെങ്കിലും എല്ലാ മേഖലകളും സ്തംഭനാവസ്ഥയിലായിരിക്കുകയാണ്.
ടൂറിസം മേഖലയിലുണ്ടായ മാന്ദ്യം എല്ലാ മേഖലകളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ എല്ലാ റിസോർട്ടുകളിലും ഹോട്ടലുകളിലുമായി ഇപ്പോൾ താമസിക്കുന്നത് കേവലം 16 വിദേശ ടൂറിസ്റ്റുകൾ മാത്രമാണ്.
നൂറോളം ഹൗസ് ബോട്ടുകൾ കുമരകത്തെ വിവിധ ജെട്ടികളിൽ സഞ്ചാരികളെ പ്രതീക്ഷിച്ചു കിടക്കുന്നുണ്ട്. ഇന്നലെ സ്വദേശികളായ സഞ്ചരികളെയും കൊണ്ട് കായൽ യാത്ര പോയത് കേവലം നാലു ഹൗസ് ബോട്ടുകൾ മാത്രം.
കുമരകത്ത് വിനോദസഞ്ചാരമേഖലയെ ആശ്രയിച്ചാണ് എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും നിലനില്പ്പ്. തൊഴിൽ മേഖലയിലും വിനോദസഞ്ചാരമേഖലയുടെ വളർച്ചയും തളർച്ചയും ഏല്പിക്കുന്ന സ്വാധീനം വളരെ വലുതാണ്. ഇപ്പോൾ ടൂറിസ്റ്റ് ടാക്സി, ഓട്ടോ ഡ്രൈവർമാരും ഓട്ടം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്.
ഇതു മത്സ്യതൊഴിലാളികളെയും കച്ചവടക്കാരേയും എറെ കടക്കെണിയിലാക്കി. വൈകുന്നേരങ്ങളിൽ ഏറെ തിരക്കുണ്ടായിരുന്ന കുമരകം മാർക്കറ്റിൽ പോലും ഇപ്പോൾ എത്തുന്നത് നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെത്തുന്ന ചുരുക്കം ആളുകൾ മാത്രമാണ്.
സഞ്ചാരികളുടെ തിക്കും തിരക്കും ഏറെ അനുഭവപ്പെട്ടിരുന്ന ബസുകളിൽ പോലും യാത്രക്കാർ തീരെയില്ല.
നഗരത്തിലെ ഇതരസംസ്ഥാന വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു
കോട്ടയം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിലെ ഇതരസംസ്ഥാന വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശപ്രകാരം പോലീസിന്റെ നേതൃത്വത്തിലാണ് ടിബി റോഡിലെയും വിവിധസ്ഥലങ്ങളിലെയും വഴിയോരക്കച്ചവടക്കാരായ ഇതരസംസ്ഥാനക്കാരെ ഒഴിപ്പിച്ചത്.
ഇന്നലെ പതിവുപോലെ നഗരത്തിലെ വഴിയോരത്ത് വിവിധ സാധന സാമഗ്രികൾ വിൽക്കുന്നതിനായി ഇതരസംസ്ഥാന തൊഴിലാളികൾ തന്പടിച്ചിരുന്നു.
ആളുകൾ കൂടുന്ന സ്ഥലങ്ങൾ നിയന്ത്രിക്കണമെന്ന സർക്കാരിന്റെ നിർദേശത്തിന്റെ ഭാഗമായിട്ടാണ് ഇതരസംസ്ഥാനക്കാരായ വ്യാപാരികളെ മുഴുവൻ ഒഴിപ്പിച്ചത്.
ഞായറാഴ്ചകളിൽ നഗരത്തിലെ വഴിയരികിൽ നൂറിലേറെ ഇതരസംസ്ഥാനക്കാരും മലയാളികളും അടക്കമുള്ളവരാണ് കച്ചവടത്തിനായി എത്തുന്നത്.
ഇവരിൽനിന്നും സാധനം വാങ ്ങാനായി ഇതരസം സ്ഥാനക്കാരാണ് കൂടുതലും എത്തുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ഇത്തരക്കാർ നഗരത്തിൽ എത്തിയാൽ ഇവരെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പ് നടത്തുകയായിരുന്നു ആരോഗ്യവകുപ്പ്.
കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ചയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇവരെ ഒഴിപ്പിക്കാൻ തീരുമാനമായത്.
സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ നൂറിലേറെ ഇതരസംസ്ഥാനക്കാരാണ് നഗരത്തിൽ കച്ചവടത്തിന് എത്തുന്നത്. ഇന്നലെ ഇതിന്റെ പകുതി പോലും ആളുകൾ എത്തിയിരുന്നില്ല. ഇവർ കൂടി ഒഴിപ്പിക്കപ്പെട്ടതോടെ നഗരം വിജനമായ അവസ്ഥയിലായിരുന്നു.
കെഎസ്ആർടിസി ബസ്സ്റ്റാൻഡ് പരിസരത്തെയും റെയിൽവേ സ്റ്റേഷനിലെയും ചുരുക്കം ചില കടങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും നഗരത്തിലെ മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.