സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽനിന്നു സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിൽ ഈ മാസം 20 മുതൽ കേരളത്തിലേക്കു വരണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന്റെ ഉത്തരവ് പുറത്തിറങ്ങി.
എന്നാൽ, മാർച്ച് 13നു മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തു നിയമസഭയിൽ പാസാക്കിയ പ്രമേയത്തിനു വിരുദ്ധമാണിതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. 20 മുതൽ പുറപ്പെടുന്ന ചാർട്ടേഡ് ഫ്ളൈറ്റുകൾക്കെല്ലാം പുതിയ ഉത്തരവ് ബാധകമായിരിക്കും.
അതേസമയം, തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നോർക്ക വകുപ്പിനു കത്തെഴുതി.
ഇതിനുള്ള മറുപടിയിൽ ഇപ്പോൾ ചാർട്ടർ ചെയ്ത വിമാനങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്നും 20 മുതൽക്കേ ബാധകമാകൂവെന്നും നോർക്ക സെക്രട്ടറി ഇളങ്കോവൻ അറിയിച്ചു. ഇപ്പോൾ ചാർട്ടേഡ് ഫ്ളൈറ്റുകളിൽ വരുന്നവർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
നേരത്തെ ഇറ്റലിയിൽനിന്നും മറ്റും മലയാളികളെ മടക്കിക്കൊണ്ടുവരാൻ കോവിഡ് പരിശോധന മുൻകൂറായി നടത്തണമെന്നു കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതു പ്രവാസികളോടുള്ള അനീതിയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് അന്നു പ്രമേയം അവതരിപ്പിച്ചത്. ഈ നിലപാടാണ് ഇപ്പോൾ സംസ്ഥാനം അട്ടിമറിച്ചത്.