കണ്ണൂര്‍: കോവിഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തോടെ യുവഡോക്ടര്‍ ജോയല്‍ തോമസ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയില്‍ സജീവമായി.
കോവിഡ് ബാധയുണ്ടായ ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടിയില്‍ മൂന്നാംവര്‍ഷ മെഡിസിന് പിജി വിദ്യാര്‍ഥിയായ ഡോ. ജോയലുമുണ്ടായിരുന്നു.
ആദ്യഘട്ട ഡ്യൂട്ടിക്കുശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ചു ഡോ.ജോയല്‍ 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിച്ചു. ക്വാറന്റൈന് കാലയളവിലെ സ്രവപരിശോധനയില്‍ അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
നിശ്ചിത ദിവസത്തിനുശേഷം വീണ്ടും ഡോക്ടര്‍ ഡ്യൂട്ടിയിലെത്തി. തിരിച്ചെത്തിയതു കോവിഡേതര വിഭാഗത്തിലെ ചികിത്സയിലേക്കായിരുന്നു. വാര്‍ഡുകളിലും ഐസിയുവിലും അത്യാഹിതവിഭാഗത്തിലും അതിനുശേഷം രണ്ടുമാസത്തോളം ഡ്യൂട്ടി ചെയ്തു.
അതിനിടെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡേതര വിഭാഗത്തിലെത്തിയ രോഗിക്കു കോവിഡ് കണ്ടെത്തിയത്.
ഇതോടെ ചികിത്സിച്ച ഡോക്ടര്‍മാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുമെല്ലാം കോവിഡ് പരിശോധനയ്ക്കു വിധേയമാകേണ്ടിവന്നു. ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ബാധിച്ചതായി ആദ്യം കണ്ടെത്തിയതു ജോയലിനായിരുന്നു.
അങ്ങനെ ഡ്യൂട്ടിക്കിടെ കോവിഡ് രോഗിയായി ഡോക്ടര്‍ ആശുപത്രിയിലുമായി. ഒടുവില്‍, കോവിഡ് പ്രത്യേക ഐസിയുവില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍ അതേ വാര്‍ഡില്‍ രോഗിയായി പ്രവേശിപ്പിക്കപ്പെട്ടു.
ചികിത്സയ്ക്കുശേഷം കോവിഡ് രോഗമുക്തനായി ക്വാറന്റൈന് കാലയളവും കഴിഞ്ഞു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അതേ കോവിഡ് വാര്‍ഡില്‍ പിപിഇ കിറ്റും സ്റ്റെതസ്കോപ്പുമായി യുദ്ധമുഖത്ത് ഡോ.ജോയല്‍ എത്തിയിരിക്കുന്നു.
വീണ്ടും ഡ്യൂട്ടിക്കിടുമ്പോള്‍ കോവിഡ് വാര്ഡുകളിലാകാനാണ് ആഗ്രഹമുണ്ടെന്നും കോവിഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസവും കരുത്തുമായി രോഗികളെ സമീപിക്കാന്‍ കഴിയുമെന്നും അതവര്‍ക്കും ആശ്വാസമാകുമെന്നുമുള്ള ഡോക്ടറുടെ താത്പര്യംകൂടി പരിഗണിച്ചാണ് അദ്ദേഹത്തിനു കോവിഡ് ഡ്യൂട്ടിതന്നെ അനുവദിച്ചത്.
പിപിഇ കിറ്റുള്‍പ്പെടെ തീര്‍ക്കുന്ന അസ്വസ്ഥതകള്ക്കപ്പുറത്തു മരണം വിതയ്ക്കുന്ന കോവിഡിനെ തോല്‍പ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നേരിട്ടു പങ്കാളിയാകാന്‍ നിലവിലെ പടയാളികള്‍ക്കൊപ്പം കോവിഡുമായി നേരിട്ടു പോരാടി രോഗമുക്തി കൈവരിച്ച കരുത്തുമായി ഡോ.ജോയല്‍ വീണ്ടും രംഗത്തുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ ഈ ആത്മസമര്‍പ്പണമാണു മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കരുത്തെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ. സുദീപും പ്രിന്‍സില്‍ ഡോ. കെ.എം. കുര്യാക്കോസും പറഞ്ഞു.