ഗാന്ധിനഗർ: സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് 19 രഹിത ജില്ലയായി കോട്ടയം മാറുമോ ?.
കൊറോണ വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിൽ നിലവിൽ കോട്ടയം ജില്ലയിലാരുമില്ല. സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ രോഗം പിടിപെട്ടവരിൽ കോട്ടയം ജില്ലക്കാരും ജില്ലയിൽ ചികിത്സതേടിയവരും ഉൾപ്പടെ ജില്ലയിൽ അഞ്ചു പേരുണ്ടായിരുന്നു.
ഇറ്റലിയിൽനിന്നു നാട്ടിലെത്തിയ പത്തനംതിട്ട ഐത്തല സ്വദേശികളുടെ മാതാപിതാക്കൾ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയതോടെ ജില്ലയിൽ കോവിഡ് 19 ബാധിതർ ആരുമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ജില്ലയിൽ ഇതിനോടകം അഞ്ചു പേർക്ക് കോവിഡ് 19 രോഗം പിടിപെടുകയും ഇവർക്ക് ഭേദമാകുകയും ചെയ്തു. റാന്നി ഐത്തല തട്ടയിൽ തോമസ് ഏബ്രഹാം (93), ഭാര്യ മറിയാമ്മ (88), ഇവരെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തക തിരുവാംകുളം സ്വദേശിനി രേഷ്മ മോഹൻദാസ് എന്നിവർ ഇന്നലെ ആശുപത്രിയിൽ നിന്നും വീട്ടിലേക്കു മടങ്ങി.
വൃദ്ധദന്പതികളുടെ കൊച്ചുമകൾ ചെങ്ങളം സ്വദേശിനി റീന, ഭർത്താവ് റോബിൻ എന്നിവർ കഴിഞ്ഞ 28നു ആശുപത്രിയിൽ നിന്നു ഡിസ് ചാർജ് ആയിരുന്നു. ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്നലെ മൂന്നു പേരെ ഒഴിവാക്കി.
ഹോം ക്വാറന്റയിനിൽ ജില്ലയിൽ 3251 കഴിയുന്നുണ്ട്. തബ് ലീഗ് സമ്മേളനത്തിൽ ഈരാറ്റുപേട്ടയിൽനിന്നു പങ്കെടുത്ത ആറു പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
രേഷ്മയുടെ സഹപ്രവർത്തകരായ 24 പേരും ഇന്നലെ പീരുമേടിൽനിന്നും എത്തിയ ദന്പതികളും കോട്ടയം മെഡിക്കൽ കോളജിൽ നിരീഷണത്തിലാണ്. ഇവർക്കാർക്കും നിലവിൽ രോഗം പിടിപെട്ടിട്ടില്ല.
നഴ്സിംഗ് അസോസിയേഷൻ അഭിനന്ദിച്ചു
ഗാന്ധിനഗർ: കോവിഡ് 19 ചികിത്സാ വിജയത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് അഭിമാനനേട്ടം കൈവരിച്ചതിൽ നഴ്സുമാരുടെയും ഇതര ജീവനക്കാരുടെയും സേവനവും പ്രശംസ അർഹിക്കുന്നതാണെന്ന് കേരള ഗവണ്മെന്റ് നഴ്സിംഗ് അസോസിയേഷൻ (കെജിഎൻഎ) പ്രസ്താവനയിൽ അറിയിച്ചു.