വാഷിംഗ്ടണ്‍: ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
അള്‍ട്ര വയലറ്റ് രശ്മികളോ അതിശക്തമായ പ്രകാശരശ്മികളോ ശരീരത്തിലേക്ക് വീര്യത്തോടെ കടത്തിവിട്ടാല്‍ മതിയാവും. ത്വക്കിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ കിരണങ്ങള്‍ ഉള്ളില്‍ കടത്തി ശരീരത്തിനുള്ളിലെ വൈറസുകളെ ഇല്ലായ്മ ചെയ്യാനുള്ള പരീക്ഷണം ഗവേഷകര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെയായാല്‍ ഒരു മിനിറ്റുകൊണ്ട് കൊറോണയെ നശിപ്പിക്കാന്‍ കഴിയും. ഇതു തീര്‍ച്ചയായും വളരെ രസകരമായ കാര്യമാണ്. അത്തരത്തില്‍ പരീക്ഷണം നടക്കണം. ട്രംപ് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണ് എന്ന് നമുക്കറിയാം. കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു.
അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുമെന്ന നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നും വായുവിലും ഉപരിതലത്തിലും വച്ച് സൂര്യപ്രകാശത്തിന് വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപദേഷ്ടാവ് വില്യം ബ്രയാൻ പറഞ്ഞിരുന്നു.
വൈറസിന്റെ ജനിതക ഘടനയെ അള്‍ട്രാവയലറ്റ് റേഡിയേഷന് തകരാറിലാക്കുമെന്നും വേനല്‍ക്കാലത്തോടെ വൈറസിന്റെ വ്യാപനം അവസാനിക്കുമെന്നും വില്യം ബ്രയാൻ പറഞ്ഞു.
അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത റിപ്പോര്‍ട്ട് സംബന്ധിച്ചാണ് വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ബ്രയാന്‍ സംസാരിച്ചതിനു ശേഷമാണ് ട്രംപ് ഇക്കാര്യത്തിലുള്ള തന്റെ അറിവ് പങ്കുവെച്ചത്.