മുംബൈ: കോവിഡ് തീവ്രബാധിത പ്രദേശമായ മുംബൈയിൽ ചികിത്സകിട്ടാതെ മലയാളി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രയാണ് മരിച്ചത്. രണ്ട് മണിക്കൂറിനിടെ അഞ്ച് ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഖാലിദിന് പനിയും ശ്വാസംമുട്ടലും ഉണ്ടായത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അഞ്ച് ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ആരും ചികിത്സ നൽകാൻ തയാറായില്ല.
കിടക്കയും ഓക്സിജനുമടക്കം സൗകര്യങ്ങളില്ലെന്ന് പറഞ്ഞാണ് ഖാലിദിനെയും ബന്ധുക്കളെയും മടക്കിയത്. രണ്ട് മണിക്കൂറിനു ശേഷം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ നവിമുംബൈയിൽ മലയാളി വീട്ടമ്മ ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. നവി മുംബൈ ഉൾവ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പിൽ ഗോപാലൻ നിവാസിലെ വിമലയാണ് (53) മരിച്ചത്. കോവിഡ് രോഗിയാണെന്ന് കരുതിയാണ് ഇവരെ ആശുപത്രികൾ സ്വീകരിക്കാതിരുന്നത്.
വീണു പരുക്കേറ്റ വിമലയെ നവിമുംബൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് നവിമുംബൈയിലെ അഞ്ച് ആശുപത്രികളിൽ എത്തിച്ചെങ്കിലും കോവിഡ് പരിശോധനാഫലം ഉണ്ടെങ്കിലേ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു.