ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ട് ഏതാണ്ട് എട്ടുമാസം പിന്നിട്ടു. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച വ്യക്തികളില്‍ നടത്തിയ തുടര്‍ നിരീക്ഷണ പഠനങ്ങളില്‍ നിന്ന് ഈ അണുബാധയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചു കൂടുതല്‍ വ്യക്തമായ അറിവ് ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്.
വൈറൽ അണുബാധ
അടിസ്ഥാനപരമായി കോവിഡ് 19 ശ്വാസകോശത്തെയോ ശ്വാസനാളത്തെയോ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ്. പ്രാരംഭഘട്ടത്തില്‍ മിക്ക രോഗികളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പരിമിതമായ തോതിലോ പരിചിതമായ തോതിലോ മാത്രമായിരിക്കും കാണപ്പെടുക.
രോഗബാധിതരില്‍ വ്യക്തമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തികള്‍ മുതല്‍ തീവ്രപരിചരണം ആവശ്യമായ രോഗികള്വരെയുണ്ടാവാം.
തുടർപ്രശ്നങ്ങൾ
കോവിഡ് രോഗമുക്തിക്കുശേഷം മിക്ക രോഗികളും തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ തുടര്‍ന്നും അനുഭവിക്കുന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വൈറല്‍ അണുബാധകളിലും ഈ പ്രതിഭാസം കാണപ്പെടുന്നതുകൊണ്ട് കോവിഡ് അണുബാധയുടെ പ്രത്യേകമായുള്ള ലക്ഷണങ്ങളും അസ്വസ്തതകളും തിരിച്ചറിയേണ്ടത് അനാവശ്യമായ ആശങ്കയും ഭയവും ഒഴിവാക്കുന്നതിനും ഗുരുതരമായ രോഗസാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കുന്നതിനും അനിവാര്യമാണ്.
പൊതുലക്ഷണങ്ങള്‍
കോവിഡ് 19ല്‍ നിന്നു മുക്തിനേടിയ ആളുകള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ ശാരീരിക ക്ഷീണം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചുമ, തലവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കാണപ്പെട്ടത്.
എന്നാല്‍ ഒരു ചെറിയ വിഭാഗം രോഗികളില്‍ ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, ഉറക്കത്തകരാറുകള്‍ എന്നിവയും കാണപ്പെട്ടു. ചില രോഗികള്‍ക്കു മുടികൊഴിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.
സ്ഥായിയായ ശാരീരിക ക്ഷീണം
പൊതുവേ, നേരിയ അസുഖമുള്ള രോഗികളിലും തീവ്രപരിചരണം ആവശ്യമുള്ള രോഗികളിലും ഈ ലക്ഷണങ്ങള്‍ തുല്യമായിട്ടാണ് കാണപ്പെട്ടത്.
വൈറല്‍ അണുബാധമൂലമുണ്ടായ സങ്കീര്‍ണമായ ന്യൂറോ-ഹോര്‍മോണ്‍ മാറ്റങ്ങള്‍, കായികപ്രവര്‍ത്തനങ്ങളില്‍ വന്ന കുറവ്, മാനസിക സംഘര്‍ഷം എന്നിവയുടെ അനന്തരഫലമായിട്ടാണ് സ്ഥായിയായ ശാരീരിക ക്ഷീണം അനുഭവപ്പെടുന്നത്.
ഇത് ഒരുപരിധിവരെ, ശാരീരിക പുനരധിവാസത്തിലൂടെ പരിഹരിക്കാനാകും. വളരെ അപൂര്‍വമായി മാത്രമേ മരുന്നുകള്‍ ആവശ്യമായി വരുന്നുള്ളൂ.
മാനസിക സംഘർഷങ്ങൾ
കോവിഡ്രോഗ മുക്തരെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന പ്രശ്നം, രോഗാവസ്ഥയുടെ അനുബന്ധമായി അനുഭവപ്പെട്ട സാമൂഹ്യ ഒറ്റപ്പെടലും തല്‍ഫലമായി രൂപപ്പെട്ട ഭയവും ഉത്കണ്ഠയും ഏകാന്തതയും മാനസിക സംഘര്‍ഷങ്ങളുമാണ്.
അവ്യക്തമായ പല രോഗലക്ഷണങ്ങള്‍ക്കും ഈ പ്രത്യേക മാനസികാവസ്ഥ കാരണമായേക്കാം. ഇത് എത്രയും വേഗം തിരിച്ചറിയേണ്ടതും ചികിത്സ ഉറപ്പാക്കേണ്ടതും രോഗിയുടെ ശാരീരിക – മാനസിക സംതുലിതാവസ്ഥ വീണ്ടെടുക്കാന്‍ അനിവാര്യമാണ്.
(തുടരും)