കാഞ്ഞിരപ്പള്ളി: എന്തിനും തയാറായി ഒരുകൂട്ടം യുവാക്കൾ. നാടാകെ മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്പോഴും ഇവർ ഭീതി മറന്ന് സേവന പാതയിലാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കാഞ്ഞിരപ്പള്ളി രൂപത രൂപീകരിച്ച എസ്എംവൈഎം ടാസ്ക് ഫോഴ്സിൻറെ പ്രവർത്തനം നിരവധി പേർക്കാണ് ആശ്വാസമാകുന്നത്.
കാഞ്ഞിരപ്പള്ളി രൂപതയിലെ 64 ഇടവകളിൽ നിന്നായി 640 ഓളം യുവജനങ്ങളാണ് ടാസ്ക് ഫോഴ്സിലുള്ളത്.
ഇവർക്കുള്ള പിപിഇ കിറ്റും മാസ്കും സാനിറ്റൈസറും രൂപത എസ്എംവൈഎം ഓഫീസിൽ നിന്ന് നൽകും.
ഇടവകയിൽ കോവിഡ് മരണം ഉണ്ടായാൽ സന്പൂർണ ശുശ്രൂഷകൾ നൽകി സംസ്കരിക്കുക, കോവിഡ് രോഗികൾക്ക് ഭക്ഷണം നൽകുക, ബന്ധുക്കൾ അടുത്തില്ലാത്ത പ്രായമായവർക്ക് പ്രത്യേക പരിഗണന നൽകുക, കുട്ടികളില്ലാത്ത പ്രായമായവർക്ക് ആശുപത്രിയിൽ പോകാനുള്ള സഹായം, മരുന്ന് വാങ്ങിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്.
ഒരു ഇടവകയിൽ 10 പേർ അടങ്ങുന്ന ടീമാണുള്ളത്. യുണിറ്റ് തുടങ്ങാൻ സാധിക്കാത്ത ഇടവകളിലെ സംസ്കാര ശുശ്രൂഷകൾക്ക് രൂപത ഭാരവാഹികൾ നേതൃത്വം നൽകും.
കഴിഞ്ഞ11 മാസങ്ങൾക്കിടയിൽ 30 ഓളം പേരുടെ സംസ്കാരമാണ് കോവിഡ് ടാസ്ക് ഫോഴ്സ് ടീം നടത്തിയിരിക്കുന്നത്.
കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നിൽക്കുന്ന ബന്ധുക്കൾക്ക് എല്ലാവിധ സഹായകളും പിന്തുണയുമാണ് ഇവർ നൽകുന്നത്.
ടാസ്ക് ഫോഴ്സ് അംഗങ്ങളെല്ലാം ബിരുദ-ബിരുദാനന്തര വിദ്യാർഥികളാണ്. ഓണ്ലൈൻ പഠനത്തിനും പരീക്ഷകൾക്കും ഇടയിലാണ് കോവിഡ് സേവനത്തിന് ഇവർ സമയം കണ്ടെത്തുന്നത്.
യുവജനങ്ങളുടെ ഈ സേവനപ്രവർത്തനത്തിന് അംഗീകാരമായി മലനാട് ഡെവലപ്മെൻറ് സൊസൈറ്റി ടാസ്ക് ഫോഴ്സിലെ അംഗങ്ങളെ പൊന്നാടയും സ്വർണമെഡലും ഫലകവും നൽകി ആദരിച്ചിരുന്നു.
എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, പ്രസിഡൻറ് ആദർശ് കുര്യൻ, ജനറൽ സെക്രട്ടറി തോമാച്ചൻ കത്തിലാങ്കൽ, ബ്രദർ ജിറ്റോ ആക്കാട്ട്, മുൻ പ്രസിഡൻറുമാരായ ജോമോൻ പൊടിപാറ, ആൽബിൻ തടത്തേൽ എന്നിവരാണ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്.