സ്വന്തം ലേഖകൻ
തൃശൂർ: എല്ലാവരുമുണ്ടായിട്ടും ആരോരുമില്ലാത്ത അനാഥരെപ്പോലെ ചിതയിൽ കത്തിയെരിഞ്ഞ ജന്മങ്ങൾ… കോവിഡ് ബാധിച്ചു മരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽസൂക്ഷിച്ചിരുന്ന നാലു മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കരിക്കാൻ മക്കളോ അടുത്ത ബന്ധുക്കളോ തയാറായില്ല.
തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറും സന്നദ്ധ സംഘടനയിൽപ്പെട്ടവരും ചേർന്നു സംസ്കാര നടപടികൾ ഏറ്റെടുത്തു നടത്തി.
കോവിഡ് ബാധിച്ചു മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന മക്കളടക്കമുള്ളവർ എല്ലാം മാറിമറിയുന്ന കോവിഡ് കാലത്തെ മാറിയ മനുഷ്യബന്ധങ്ങളുടെ പുതിയ മുഖമാവുകയാണ്.
പാലക്കാട് ജില്ലക്കാരായ, ഓഗസ്റ്റ് 24ന് മരിച്ച രാധാകൃഷ്ണൻ(40), ഓഗസ്റ്റ് 29നു മരിച്ച ബാലൻ (50), സെപ്റ്റംബർ 24നു മരിച്ച കോമ്പി (70), 25നു മരിച്ച തൃശൂർ സ്വദേശിനി കോമളവല്ലി (70) എന്നിവരുടെ മൃതദേഹങ്ങളാണ് ആരും ഏറ്റെടുക്കാനില്ലാത്തതിനെതുടർന്ന് ഇന്നലെ ഇങ്ങനെ സംസ്കരിക്കേണ്ടിവന്നത്.
കോമളവല്ലി ഒഴികെയുള്ളവരുടെ ബന്ധുക്കളെ മെഡിക്കൽ കോളജ് അധികൃതർ പലതവണ വിവരമറിയിച്ചെങ്കിലും ആരും വന്നില്ല.
പാലക്കാട് ഡിഎംഒയും ഹെൽത്ത് ഇൻസ്പെക്ടർമാരുമെല്ലാം ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും തങ്ങളെല്ലാം ക്വാറന്റൈനിലാണെന്നായിരുന്നു മറുപടി.
അടുത്ത ബന്ധുക്കളെ അയച്ചാൽ മൃതദേഹം കൈമാറാമെന്നു പറഞ്ഞെങ്കിലും, ആരും ഇല്ലെന്നും മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നില്ലെന്നും അവിടെത്തന്നെ സംസ്കരിച്ചാൽ മതിയെന്നും അവർ രേഖാമൂലം എഴുതിനൽകി.
പലതവണ കൗണ്സലിംഗ് നൽകിയിട്ടുപോലും മൃതദേഹങ്ങൾ സ്വീകരിക്കാൻ ഉറ്റവർ തയാറായില്ലെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെയാണ് ബാലനും രാധാകൃഷ്ണനും കോവിഡ് സ്ഥിരീകരിച്ചത്. മറ്റു രണ്ടുപേരും രോഗം ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരാണ്. കോമളവല്ലിക്കു ബന്ധുക്കളാരുമുണ്ടായിരുന്നില്ല.