ന്യൂഡൽഹി: കോവിഡ് ബാധിച്ചു വിദേശരാജ്യങ്ങളിൽ ഡിസംബർ 31 വരെ 2,072 ഇന്ത്യക്കാർ മരിച്ചെന്നു കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ പാർലമെന്റിൽ അറിയിച്ചു.
ഏറ്റവും കൂടുതൽ പേർ മരിച്ചത് സൗദി അറേബ്യയിൽ- 906 പേർ. യുഎഇയിൽ 375ഉം ഒമാനിൽ 166 ഉം ഇന്ത്യക്കാർ മരിച്ചു.
32 രാജ്യങ്ങളിൽ മരിച്ചവരുടെ വിവരങ്ങളാണു വിദേശകാര്യ മന്ത്രാലയം സഭയിൽ വച്ചത്. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയെ കൂടാതെ അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
വന്ദേഭാരത് മിഷന്റെ ഭാഗമായി 40,11,903 പേരെ വിദേശ രാജ്യങ്ങളിൽ നിന്നു മടക്കി എത്തിച്ചു. ഇതിൽ 36,10,810 പേരെ വിമാനമാർഗവും 3,987 പേരെ കപ്പലിലൂടെയും 3,97,106 പേരെ കരമാർഗവുമാണു തിരിച്ചെത്തിച്ചത്. തിരിച്ചെത്തിച്ചവരിൽ കൂടുതൽ പേർ മലയാളികളാണ്. 9,62,306 പേർ.