ന്യൂഡൽഹി: ലോക്ക്ഡൗണും കാര്യമാക്കാതെ കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,990 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഒറ്റദിവസം കൊണ്ട് ഇത്ര അധികം കേസുകൾ ഉണ്ടാകുന്നത് ആദ്യമാണ്. രാജ്യത്ത് ഇതുവരെ 26,496 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 64 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 824 ആയി ഉയർന്നു.
രാജ്യത്തെ 27 ജില്ലകളിലാണ് ആകെ രോഗികളുടെ 68 ശതമാനവും. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീവ്രരോഗബാധിത ജില്ലകൾ ഉൾപ്പെടുന്നത്. രാജ്യത്തെ കോറോണ കേസുകളുടെ 13.8 ശതമാനവും മഹാരാഷ്ട്രയിൽനിന്നാണ്. സംസ്ഥാനത്തെ 47.6 ശതമാനം കേസുകളും മുംബൈയിൽനിന്നും.
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്നത് ഗുജറാത്താണ്. ഗുജറാത്തിൽ തന്നെ 62 ശതമാനം കേസുകളും അഹമ്മബാദിൽനിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.