ന്യൂഡൽഹി: നിസാമുദ്ദീനിലെ മതസമ്മേളനം കോവിഡ് ബാധയില്‍ ഇന്ത്യയുടെ ഹോട്ട്സ്പോട്ടായി മാറുന്നു.
പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരിൽ 40 ശതമാനം ആളുകളും തബ്ലീഗ് ജമാഅത്തിന്റെ മർക്കസിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരാണെന്നാണ് റിപ്പോർട്ട്. മതസമ്മേളനത്തിൽ പങ്കെടുത്ത 19 പേരാണ് ഇതുവരെ മരിച്ചത്. 378 പേർക്ക് രോഗം സ്ഥിരീകരിച്ചു.
7600 ഇന്ത്യക്കാരും 1300 വിദേശികളും മതസമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഏതാണ്ട് 9000 ത്തോളം പേര് കോവിഡ് ബാധയുടെ ഹൈ റിസ്ക് പട്ടികയിലാണുള്ളത്. പങ്കെടുത്ത കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.
23 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചാണ് പങ്കെടുത്ത വിദേശികളുടെ കണക്കെടുപ്പ് നടത്തിയത്. ഇന്നലെ ഇറങ്ങിയ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇതില്‍ 1051 പേരെ ക്വാറന്റൈന് ചെയ്തിട്ടുണ്ട്.
ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പങ്കെടുത്ത 7688 പ്രാദേശിക പ്രവര്‍ത്തരുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റൈന് ചെയ്യാനുള്ള ശ്രമത്തിലാണ്.ക്ലാസ്സുകളും പ്രാര്‍ഥനാ ചടങ്ങുകളുമായി ദിവസങ്ങള്‍ നീണ്ടു നിന്ന സമ്മേളനത്തില്‍ മലേഷ്യ ഇന്തോനേഷ്യയടക്കം ഒട്ടനേകം വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിരവധി പേര് മര്‍ക്കസിനുള്ളില്‍ കുടങ്ങിയിരുന്നു. 36 മണിക്കൂര്‍ നീണ്ടു നിന്ന പ്രയ്തനത്തിനൊടുവിലാണ് 2335ഓളം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ച് ക്വാറന്റൈനിലാക്കിയത്. കോവിഡ് ബാധിച്ച് ഇതുവരെ രാജ്യത്തെമ്പാടും മരണം 51 ആയി. 1965 പേർ ചികിത്സയിലുണ്ട്.
151 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 12 പേരാണ് ഇന്ത്യയില്‍ മരിച്ചത്. 131 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. വീഡിയോ കോൺഫ്രൻസ് വഴിയായിരുന്നു കൂടിക്കാഴ്ച.
തെലങ്കാനയിലും ധാരാവിയിലും മരണം
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ കോവിഡ്-19 വൈറസ് ബാധയെത്തുടർന്ന് 56 വയസുകാരൻ മരിച്ചു. ധാരാവി ബലിഗാനഗർ എസ്ആർഎ മേഖലയിൽ താമസിച്ചിരുന്നയാളാണ് ഇന്നലെ രാത്രിയിൽ മരിച്ചത്. ഇയാള്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
മുംബൈയിലെ സയൺ സർക്കാർ ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ എട്ടു പേരാണുള്ളത്. ഇവരെയെല്ലാം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. അധികൃതർ ഇവർ താമസിച്ച കെട്ടിടവും പ്രദേശവും അടച്ച് മുദ്രവച്ചു.
കൊറോണ സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയിലും മതസമ്മേളനത്തിൽ പങ്കെടുത്ത മൂന്നു പേർ മരിച്ചിരുന്നു. ഇതോടെ മതസമ്മേളനത്തിൽ പങ്കെടുത്ത 19 പേരാണ് ഇതുവരെ മരിച്ചത്.