ഏറ്റുമാനൂർ: ഈ മാസം 25ന് പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്ക പ്പെട്ട രോഗി തെള്ളകത്തെ അന്നപൂർണ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി റൂട്ട് മാപ്പ് പുറത്തു വിട്ടു. ഇവർ തെള്ളകത്ത് എംസി റോഡരികിലെ ഹോട്ടൽ അന്നപൂർണയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായുള്ള റൂട്ട് മാപ്പ് പുറത്തുവിട്ടത് പത്തനംതിട്ട ജില്ലാ കളക്ടറാണ്.
മാർച്ച് 14 ന് രാവിലെ 10.45 മുതൽ 11 വരെയാണ് ഇയാൾ ഹോട്ടലിൽ ചെലവഴിച്ചതായി മാപ്പിൽ പറയുന്നത്. ഇതോടെ ഹോട്ടൽ അന്നപൂർണയിൽ ഇതേ ദിവസം എത്തിയവരും, ഇവിടെ ജോലിയിലുണ്ടായിരുന്ന ജീവനക്കാരും വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
മാർച്ച് 13 ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് ഇ വൈ 20 എന്ന നന്പർ ഫ്ലൈറ്റിൽ സീറ്റ് നന്പർ 80 കെ യിൽ ആണ് ഇയാൾ യാത്ര ചെയ്തത്. തുടർന്ന് അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് ഇ വൈ 246 നന്പർ ഫ്ലൈറ്റിൽ സീറ്റ് നന്പർ 37 സിയിലും യാത്ര ചെയ്തു. മാർച്ച് 14ന് പുലർച്ചെ 2.50ന് കൊച്ചിയിൽ എത്തി.
ഇയാളെ കൂട്ടിക്കൊണ്ടുവരാൻ എത്തിയത് എറണാകുളം സ്വദേശിയായ ഡ്രൈവറും, ഇടുക്കി സ്വദേശിയായ ബന്ധുവുമാണ്. രാവിലെ 8.15ന് പുറപ്പെട്ട ഇവർ ആദ്യം തെള്ളകത്തെ അന്നപൂർണ ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചശേഷം ആറന്മുളയിലെ വീട്ടിലേക്കാണ് എത്തിയത്.
തുടർന്ന് മാർച്ച് 15 ന് കോഴഞ്ചേരി ആശുപത്രിയിൽ എത്തി ഇവിടെ രജിസ്ട്രേഷൻ കൗണ്ടറിലും ഫാർമസിയിലും കാഷ്വാലിറ്റിയിൽ എത്തി ഡോക്ടറെയും കണ്ടു. തുടർന്നു തിരികെ വീട്ടിൽ എത്തിയതായിട്ടാണ് റൂട്ട് മാപ്പിൽ പറയുന്നത്.
23 വരെ വീട്ടിൽ കഴിഞ്ഞ ഇദ്ദേഹത്തിന് 25 ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാൾ കടന്നുപോയ വഴികളിൽ ഉണ്ടായിരുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിനെയും ജില്ലാ കളക്ടറെയും വിവരമറിയിക്കണമെന്നാണ് നിർദേശം.
ഏറ്റുമാനൂരിൽ ആ സമയത്തു ഹോട്ടലിൽ ഉണ്ടായിരുന്ന ആർങ്കെിലും എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കോട്ടയം ജില്ലാ കളക്ടറുടെ ഓഫീസിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ആധികൃതർ അറിയിച്ചു. ഫോണ് 04812304800