മൂന്നാർ: ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ നാലുപേർക്കുകൂടി ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്നാർ സ്വദേശിയായ 66 കാരനും ഇദ്ദേഹത്തിന്റെ 61 വയസുള്ള ഭാര്യക്കും 24 വയസുകാരൻ മകനും ചിന്നക്കനാൽ സ്വദേശിയായ 28-കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
66-കാരനും ഭാര്യയും ചികിൽസാർഥം ചെന്നൈയിലെ മകളുടെ വീട്ടിലേക്കു പോയിരുന്നു. മാർച്ച് 20-നു ചെന്നൈയിലെ ഡോ. മേത്താസ് ആശുപത്രിയിൽനിന്നു മരുന്നുവാങ്ങി മകളുടെ വീട്ടിലേക്കു മടങ്ങി.
പിന്നീട് ലോക്ക്ഡൗണ് ഇളവു വന്നതോടെ ഇവർ അവിടെ താമസിച്ചിരുന്ന മകനോടൊപ്പം മേയ് 16-നു പാസെടുത്ത് കുമളിയിലെത്തി. ഇവിടെനിന്നും ടാക്സി ജീപ്പിൽ മൂന്നാറിലെത്തുകയായിരുന്നു.
ആരോഗ്യവകുപ്പധികൃതരുടെ നിർദേശമനുസരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 28-നു ഇവരുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചു.
ഇവർക്ക് ഭക്ഷണം എത്തിച്ചുകൊടുത്തവരേയും നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഭക്ഷണം എത്തിച്ചുനൽകിയവരെ കൂടാതെ രോഗബാധിതർ മറ്റുള്ളവരുമായി അധികം സന്പർക്കം പുലർത്തിയിട്ടില്ല.
ചിന്നക്കനാൽ സ്വദേശിയായ യുവാവ് കുവൈറ്റിൽനിന്ന് കഴിഞ്ഞ 22-നു കരിപ്പൂരിലെത്തി. രോഗലക്ഷണങ്ങൾ കണ്ടതിനേതുടർന്ന് യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. കുവൈറ്റിൽ ഹോട്ടൽ ജീവനക്കാരനാണ്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നാലുപേരുൾപ്പെടെ ജില്ലയിൽ എട്ടു രോഗികളാണുളളത്. രോഗം സ്ഥിരീകരിച്ചവരുമായി സന്പർക്കം പുലർത്തിയവരുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് ശേഖരിച്ചുവരികയാണ്.
മൂന്നാറിലെ ഐസൊലേഷൻ വാർഡായ ശിക്ഷാസദനിൽ 39 പേരും ദേവികളും പഞ്ചായത്തിൽ 30 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതിനുപുറമേ മൂന്നാർ പഞ്ചായത്തിൽ മാത്രം 137 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ദേവികുളം പഞ്ചായത്തിൽ 78 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മൂന്നാറിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ആദ്യം രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനുൾപ്പെടെ മൂന്നുപേരുടെ രോഗം ഭേദപ്പെട്ടിരുന്നു.