ചെറുതോണി: കോവിഡ് -19 ന്റെ സമൂഹവ്യാപനം പരിശോധിക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന റാപ്പിഡ് ആന്റി ബോഡി പരിശോധനാ ഫലങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതായി ആക്ഷേപം.
റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിൽ ഫലം പോസിറ്റീവാകുന്നവരെ കോവിഡ് രോഗിയാണെന്ന് മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും വലിയ മാനസിക – ആരോഗ്യ – സാന്പത്തിക പ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യുകയാണ്.
രക്തസാന്പിളുകൾ എടുത്ത് പരിശോധിക്കുന്നതാണ് റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ്. വ്യക്തികളുടെ സ്രവം എടുത്ത് പരിശോധന നടത്തുന്ന പിസി ആർ (പോളിമേഴ്സ് ചെയിൻ റിയാക്ഷൻ) പരിശോധനയെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും എവിടെവേണമെങ്കിലും പരിശോധിക്കാവുന്നതുമാണ്.
എന്നാൽ പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയിൽ കൊറോണ വൈറസ് ഇല്ലെങ്കിലും ആന്റി ബോഡി ടെസ്റ്റിൽ ഫലം പലപ്പോഴും പോസിറ്റീവായി കാണിക്കുന്നുണ്ട്. ഇത് ജനങ്ങളെ ഭീതിപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്.
റാപ്പിഡ് ടെസ്റ്റിന് വിധേയനാകുന്ന വ്യക്തിക്ക് ന്യുമോണിയ, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, പനി തുടങ്ങിയ ഏതെങ്കിലും രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ പരിശോധനാ ഫലം പോസിറ്റീവായിരിക്കും.
ഇത്തരം രോഗങ്ങൾ വന്നുപോയിട്ടുള്ളവരിൽ ആന്റിബോഡികളുണ്ടാകും. ഇതാണ് ആന്റി ബോഡി ടെസ്റ്റിൽ ഫലം പോസിറ്റീവായി കാണിക്കുന്നത്.
ഈ പരിശോധനയിൽ ഫലം പോസിറ്റീവായെന്നു കരുതി പരിശോധനയ്ക്കു വിധേയനായ വ്യക്തിയെ കൊറോണ രോഗിയായി ചിത്രീകരിക്കുന്നതാണ് ജനങ്ങളിൽ ഭയത്തിനിടയാക്കുന്നത്.
ആന്റി ബോഡി പരിശോധനയിൽ ഫലം പോസിറ്റീവായി കാണുന്ന വ്യക്തികളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയും ഇവരുടെ സ്രവം വൈറോളജി ലാബിൽ അയച്ച് പരിശോധിച്ച് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചെങ്കിൽ മാത്രമേ കോവിഡ് രോഗിയെന്ന് നിശ്ചയിക്കാനാവൂ.
എന്നാൽ ആന്റി ബോഡി ടെസ്റ്റിൽ ഫലം പോസിറ്റീവായവരെപോലും കോവിഡ് രോഗിയായാണ് ജനങ്ങൾ കാണുന്നത്. കോവിഡ് വന്നു പോയിട്ടുണ്ടെങ്കിലും ആന്റി ബോഡി ടെസ്റ്റിൽ പോസിറ്റീവ് കാണിക്കും.
ജില്ലയിൽ വെള്ളിയാഴ്ചവരെ 362 പേരിൽ ആന്റി ബോഡി ടെസ്റ്റ് നടത്തിയിട്ടുണ്ട്. നാലായിരത്തിലധികംപേരിൽ പിസിആർ ടെസ്റ്റും നടത്തി. ആന്റി ബോഡി ടെസ്റ്റ് നടത്തിയ നിരവധി പേരുടേയും ഫലം പോസിറ്റീവായിരുന്നു.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആന്റി ബോഡി ടെസ്റ്റ് നടത്തിയ ആരോഗ്യ പ്രവർത്തകരിൽ പലർക്കും പോസിറ്റീവ് ഫലമാണ് ലഭിച്ചത്. ഇവർ കോവിഡ് വാർഡിൽ ജോലിചെയ്തിരുന്നവരായിരുന്നതിനാൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇവരുടെ സ്രവം അടിയന്തരമായി വയറോളജി ലാബിൽ പരിശോധന നടത്തി നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആരോഗ്യപ്രവർത്തകരുടേയും ജനങ്ങളുടേയും ആശങ്കയ്ക്ക് ശമനമുണ്ടായത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായാൽ ആശുപത്രിതന്നെ അടച്ചിടേണ്ടതായി വന്നേനെ.
ആന്റി ബോഡി പരിശോധനയിൽ പോസിറ്റീവായാലും ഭയപ്പെടേണ്ടതില്ല, പിസിആർ പരിശോധനയിൽ പോസിറ്റീവായാൽ മാത്രമേ കോവിഡ് രോഗിയാണെന്ന് പറയാനാകുകയുള്ളൂവെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു.
വ്യാപകമായുള്ള റാപ്പിഡ് ആന്റി ബോഡി പരിശോധന കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ആവശ്യമില്ലാത്ത ആശങ്കയും ഭയവുമാണ് സൃഷ്ടിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ ആരോഗ്യ വകുപ്പു നൽകാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.